മണിപ്പൂരിലേത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നം; ഓർത്തഡോക്‌സ് സഭയ്ക്കുപിന്നാലെ നിലപാട് മാറ്റി യാക്കോബായ സഭയും രംഗത്ത്

മണിപ്പുർ വിഷയത്തിൽ നിലപാട് മാറ്റി യാക്കോബായ സഭ രംഗത്ത്. മണിപ്പുരിലേത് അടിസ്ഥാനപരമായി രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്‌നമാണെന്ന് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു. മണിപ്പുർ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവതിന്റെ നിലപാട് ശരിയാണെന്നും അദ്ദേഹം പറഞ്ഞു. നേരത്തെ ഓർത്തഡോക്‌സ് സഭ നിലപാടുമാറ്റി രംഗത്തെത്തിയിരുന്നു.

ഹിന്ദുക്കളും ക്രൈസ്‌തവരും മുസ്ലീങ്ങളും കലാപത്തിൽ ഇരയായിട്ടുണ്ടെന്നും ഗ്രിഗോറിയോസ് മെത്രാപൊലീത്ത പറഞ്ഞു. എന്നാൽ കൂടുതൽ ബുദ്ധിമുട്ടുണ്ടായത് ക്രൈസ്തവർക്കാണെന്നും അതിനാൽ ക്രൈസ്‌തവ സമൂഹത്തിന് വലിയ ആശങ്കയുണ്ടെന്നും ഗ്രിഗോറിയോസ് മെത്രാപൊലീത്ത വ്യക്തമാക്കി.

കഴിഞ്ഞദിവസം മണിപ്പുർ വിഷയത്തിൽ ആർഎസ്എസ് തലവൻ മോഹൻ ഭാഗവത് ആരോപണങ്ങൾ ഉന്നയിച്ചിരുന്നു. മണിപ്പുരിലെ തർക്കപരിഹാരത്തിന് കേന്ദ്ര സർക്കാർ മുൻഗണന നൽകണമെന്നു പറഞ്ഞ മോഹൻ ഭാഗവത്, പ്രശ്‌നങ്ങൾ പരിഹരിക്കാതെ മുന്നോട്ടുപോയതിനെ വിമർശിച്ചിരുന്നു. അതേസമയം കേരളത്തിൽനിന്ന് ക്രിസ്‌ത്യൻ മന്ത്രി വന്നത് ശുഭപ്രതീക്ഷയാണെന്നും ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപോലീത്ത കൂട്ടിച്ചേർത്തു.

തിരഞ്ഞെടുപ്പ് ഫലം പുറത്ത് വന്നതിന് പിന്നാലെ രണ്ട് പ്രധാന സഭകളാണ് ഇപ്പോൾ നിലപാട് മാറ്റി രംഗത്തെത്തിയിരിക്കുന്നത്. മണിപ്പുരിലുണ്ടായത് രണ്ട് ഗോത്രങ്ങൾ തമ്മിലുള്ള പ്രശ്നമെന്ന് ഓർത്തഡോക്‌സ് സഭ അധ്യക്ഷൻ ബസേലിയോസ് മാർത്തോമ മാത്യൂസ് തൃതീയൻ കാതോലിക്കാ ബാവ നേരത്തെ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണിപ്പോൾ ഇതേ നിലപാടിനെ പിന്തുണച്ച് മലങ്കര യാക്കോബായ സുറിയാനി സഭാ അധ്യക്ഷൻ ജോസഫ് മാർ ഗ്രിഗോറിയോസ് മെത്രാപൊലീത്തയും രംഗത്തെത്തിയത്. മണിപ്പുരിലേത് ക്രൈസ്‌തവ കൂട്ടക്കൊലയാണെന്ന നിലപാടായിരുന്നു ക്രൈസ്‌തവ സഭകളെല്ലാം നേരത്തെ സ്വീകരിച്ചിരുന്നത്.

Read more