ആറ് വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ചു; കുട്ടിയുടെ വീട്ടുകാര്‍ക്ക് മര്‍ദ്ദനവും ഭീഷണിയും; പ്രതിക്ക് 20 വര്‍ഷം കഠിനതടവ് വിധിച്ച് കോടതി

ആറ് വയസുകാരിയെ വീട്ടില്‍ കയറി പീഡിപ്പിച്ച കേസില്‍ പ്രതിക്ക് 20 വര്‍ഷം കഠിനതടവും 35,000 രൂപ പിഴയും. കൊല്ലം പാരിപ്പള്ളി കിഴക്കേനില മിഥുന്‍ ഭവനത്തില്‍ മിഥുനെയാണ് തിരുവനന്തപുരം അതിവേഗ പ്രത്യേക കോടതി ശിക്ഷിച്ചത്. പിഴ അടച്ചില്ലെങ്കില്‍ പ്രതി ഒരു വര്‍ഷം കൂടി തടവ് അനുഭവിക്കണം. പിഴ തുക അതിജീവിതയ്ക്ക് നല്‍കണം.

കുട്ടിയ്ക്ക് ലീഗല്‍ സര്‍വീസ് അതോറിറ്റി നഷ്ടപരിഹാരം നല്‍കാനും കോടതി വിധിച്ചു. 2021 നവംബര്‍ 30ന് ആയിരുന്നു കേസിന് ആസ്പദമായ സംഭവം നടന്നത്. വീട്ടില്‍ അതിക്രമിച്ച് കയറിയ പ്രതി കുട്ടിയുടെ വസ്ത്രങ്ങള്‍ വലിച്ചുകീറിയശേഷം പീഡിപ്പിക്കുകയായിരുന്നു. സംഭവ സ്ഥലത്തേക്ക് ഓടിയെത്തിയ കുട്ടിയുടെ അമ്മ ബഹളം വച്ചതോടെ പ്രതി കുട്ടിയെ വലിച്ചെറിഞ്ഞ ശേഷം രക്ഷപ്പെട്ടു.

സംഭവത്തെ തുടര്‍ന്ന് കുട്ടിയ്ക്ക് സാരമായി പരിക്കേറ്റിരുന്നു. സ്ഥിരം കുറ്റവാളിയായ മിഥുനെ ഭയന്ന് കുട്ടിയുടെ വീട്ടുകാര്‍ ആദ്യം പരാതി നല്‍കാന്‍ മടിച്ചു. വിവരം അറിഞ്ഞ കുട്ടിയുടെ സ്‌കൂളിലെ പ്രഥമാധ്യാപകനാണ് വീട്ടുകാര്‍ക്ക് ധൈര്യം പകര്‍ന്ന് പൊലീസ് സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടുപോയി പരാതി നല്‍കിയത്. തനിക്കെതിരെ പരാതി നല്‍കിയെന്ന് അറിഞ്ഞ പ്രതി കുട്ടിയുടെ വീട്ടുകാരെ മര്‍ദ്ദിക്കുകയും പരാതി പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു.

വിചാരണയ്ക്കിടെയും പ്രതി കുട്ടിയുടെ വീട്ടുകാരെ ഭീഷണിപ്പെടുത്തിയിരുന്നു. തനിക്കെതിരെ മൊഴി നല്‍കിയാല്‍ കൊന്നുകളയുമെന്നായിരുന്നു ഭീഷണി. എന്നാല്‍ കുട്ടിയും വീട്ടുകാരും പ്രതിക്കെതിരെ കോടതിയില്‍ മൊഴി നല്‍കി. ഇയാളുടെ ജാമ്യം റദ്ദാക്കി വിചാരണ തടവില്‍ കഴിയുന്നതിനിടെയാണ് കേസിന്റെ വിചാരണ പൂര്‍ത്തിയാക്കിയത്. ഇയാള്‍ കാപ്പ നിയമപ്രകാരവും തടവ് അനുഭവിച്ചിട്ടുണ്ട്.