എല്‍ഡിഎഫിന്റെ രാജ്യസഭാ സ്ഥാനാര്‍ത്ഥികളായ എ.എ റഹീമും പി സന്തോഷ് കുമാറും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചു. വരണാധികാരിയായ കവിതാ ഉണ്ണിത്താന് മുമ്പാകെയാണ് പത്രിക സമര്‍പ്പിച്ചത്.
മുഖ്യമന്ത്രി പിണറായി വിജയന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ക്ക് ഒപ്പം എത്തിയാണ് ഇരുവരും നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചത്.
രാജ്യം ഇപ്പോള്‍ ഗുരുതമായ സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. ഈ സാഹചര്യത്തില്‍ പാര്‍ട്ടി വലിയ ഉത്തരവാദിത്വമാണ് ഏല്‍പ്പിച്ചിരിക്കുന്നതെന്നും യുവതി – യുവാക്കളുടെ ശബ്ദമായി മാറാന്‍ ശ്രമിക്കുമെന്നും എ എ റഹീം പറഞ്ഞു. ഏല്‍പ്പിച്ച ഉത്തരവാദിത്വം കൃത്യമായി നിര്‍വഹിക്കുമെന്നും രാജ്യത്തിന്റെ മതേതരത്വവും ഭരണഘടന മൂല്യങ്ങളും ഉയര്‍ത്തി പിടിക്കുമെന്നും പി. സന്തോഷ് കുമാറും പറഞ്ഞു.
ഡിവൈഎഫ്ഐ അഖിലേന്ത്യാ പ്രസിഡന്റാണ് എ. എ റഹീം. എസ്.എഫ്.ഐ സംസ്ഥാന വൈസ് പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, ഡി.വൈ.എഫ്.ഐ ജില്ലാ പ്രസിഡന്റ്, കേന്ദ്ര കമ്മിറ്റി അംഗം, കേരള സര്‍വകലാശാല സിന്‍ഡിക്കേറ്റ് അംഗം തുടങ്ങിയ പദവികളും അദ്ദേഹം വഹിച്ചിട്ടുണ്ട്. 2011ല്‍ വര്‍ക്കലയില്‍ നിന്ന് കഹാറിനെതിരെ മത്സരിച്ചിട്ടുണ്ട്.
Read more
സംസ്ഥാന കൗണ്‍സില്‍ അംഗമായ പി. സന്തോഷ് കുമാര്‍ നേരത്തെ എഐവൈഎഫ് ദേശീയ ജനറല്‍ സെക്രട്ടറിയായിരുന്നു. 2011 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സന്തോഷ് കുമാര്‍ ഇരിക്കൂറില്‍ നിന്ന് മത്സരിക്കുകയും ചെയ്തിട്ടുണ്ട്.