അബ്ദുള്‍ നാസര്‍ മഅ്ദനി തീവ്രവാദത്തിന്റെ അംബാസഡര്‍; സംസ്ഥാനത്ത് തീവ്രവാദ ചിന്തകള്‍ വളര്‍ത്തിയെന്ന് പി ജയരാജന്റെ പുസ്തകം

അബ്ദുള്‍ നാസര്‍ മഅ്ദനിയ്‌ക്കെതിരെ ഗുരുതര ആരോപണങ്ങളുമായി സിപിഎം നേതാവ് പി ജയരാജന്റെ കേരളം മുസ്ലീം രാഷ്ട്രീയം രാഷ്ട്രീയ ഇസ്ലാം എന്ന പുസ്തകം. സംസ്ഥാനത്തുടനീളം തീവ്രവാദ ചിന്തകള്‍ വളര്‍ത്തുന്നതില്‍ മഅ്ദനി വഹിച്ച പങ്ക് വലുതാണെന്ന് പി ജയരാജന്‍ തന്റെ പുസ്തകത്തിലൂടെ ആരോപിക്കുന്നു.

പ്രഭാഷണ പരമ്പരകളിലൂടെ അബ്ദുള്‍ നാസര്‍ മഅ്ദനി തീവ്രവാദ ചിന്തകള്‍ വളര്‍ത്തുകയും പ്രചരിപ്പിക്കുകയും ചെയ്‌തെന്നാണ് ആരോപണം. ഇസ്ലാമിക് സ്റ്റേറ്റിനെയും അബ്ദുള്‍ നാസര്‍ മഅ്ദനിയെയും മുന്‍നിര്‍ത്തിയാണ് മുസ്ലീം തീവ്രവാദത്തെ കുറിച്ച് ജയരാജന്‍ തന്റെ പുസ്തകത്തില്‍ പരാമര്‍ശിക്കുന്നത്.

ബാബറി മസ്ജിദിന്റെ തകര്‍ച്ചയ്ക്ക് ശേഷമാണ് മുസ്ലീം വിഭാഗത്തിനിടയില്‍ അബ്ദുള്‍ നാസര്‍ മഅ്ദനിയുടെ സ്വാധീനം ഉയര്‍ന്നത്. ആര്‍എസ്എസ് മോഡലില്‍ മഅ്ദനി സംസ്ഥാനത്തുടനീളം സംഘടന വളര്‍ത്തി. മഅ്ദനിയുടെ കേരള പര്യടനം മൂലം യുവാക്കള്‍ തീവ്രവാദ പ്രവര്‍ത്തനങ്ങളിലേക്ക് ആകര്‍ഷിക്കപ്പെട്ടതെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു.

ഇതാണ് മഅ്ദനിയെ മുസ്ലീം തീവ്രവാദത്തിന്റെ അംബാസഡറായി വിശേഷിപ്പിക്കുന്നതെന്നും ജയരാജന്‍ പറയുന്നു. സ്വന്തം സമുദായത്തില്‍ നിന്നും എതിര്‍പ്പുകള്‍ വര്‍ദ്ധിച്ചതോടെ മഅ്ദനി ഐഎസ്എസ് പിരിച്ചുവിട്ട് പിഡിപി രൂപീകരിക്കുകയായിരുന്നു. തിരുവനന്തപുരത്തെ പൂന്തുറ കലാപത്തില്‍ ഐഎസ്എസിന്റെയും ആര്‍എസ്എസിന്റെയും പങ്ക് വ്യക്തമാണെന്നും ജയരാജന്‍ പരാമര്‍ശിക്കുന്നു.

ഹിന്ദുക്കള്‍ താമസിക്കുന്ന ജോനക പൂന്തുറയില്‍ മഅ്ദനിയുടെ ഐഎസ്എസ് ആക്രമണങ്ങള്‍ ആസൂത്രണം ചെയ്തിരുന്നതായി പി ജയരാജന്‍ ആരോപിക്കുന്നു. ഇതേ കാലഘട്ടത്തില്‍ ഐഎസ്എസ് എയര്‍പോര്‍ട്ടിലേക്ക് നടത്തിയ പ്രതിഷേധ മാര്‍ച്ചില്‍ ഉയര്‍ത്തിയ പ്രകോപനപരമായ മുദ്രാവാക്യങ്ങളെ കുറിച്ചും പുസ്തകത്തില്‍ പ്രതിപാദിക്കുന്നുണ്ട്.