ഷൂട്ടിംഗിനിടെ അപകടം; നടൻ അർജുൻ അശോകനടക്കം അഞ്ച് പേർക്ക് പരിക്ക്, കേസെടുത്ത് പൊലീസ്

കൊച്ചിയിൽ ഷൂട്ടിങ്ങിനിടെ അപകടം. നടൻ അർജുൻ അശോകനടക്കം 5 പേർക്ക് പരിക്ക്. ബ്രൊമാൻസ് എന്ന സിനിമയുടെ ചിത്രീകരണത്തിനിടെയായിരുന്നു അപകടം. കൊച്ചി എംജി റോഡിൽ വച്ചാണ് പുലർച്ചെ 1.45ന് അപകടമുണ്ടായത്. അതേസമയം സംഭവത്തിൽ പൊലീസ് കേസെടുത്തു. അമിതവേഗത്തിൽ കാർ ഓടിച്ചതിനാണ് കേസ് എടുത്തിരിക്കുന്നത്.

നടന്മാരായ അർജുൻ അശോകനും സംഗീത് പ്രതാപും സഞ്ചരിച്ച കാർ തലകീഴായി മറിയുകയായിരുന്നു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ച് പ്രാഥമിക ചികിത്സ നൽകി. അപകടത്തിപെട്ട കാർ വഴിയിൽ നിർത്തിയിട്ട രണ്ടു ബൈക്കുകളിലും തട്ടി ബൈക്ക് യാത്രക്കാരായ രണ്ടു പേർക്കും പരിക്കേറ്റു. അതിനിടെ പൊലീസ് സ്‌ഥലത്തെത്തി കാർ റോഡിൽനിന്ന് മാറ്റി.

സിനിമയിലെ സ്റ്റണ്ട് മാസ്റ്റർ ആയിരുന്നു കാർ ഓടിച്ചത്. അതേസമയം അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. നിയന്ത്രണം വിട്ട കാര്‍ തലകീഴായി മറിയുകയും മുന്നിലുണ്ടായിരുന്ന കാറിലിടിക്കുകയും ചെയ്തു. ഈ കാര്‍ റോഡരികില്‍ നിര്‍ത്തിയിട്ടിരുന്ന ഫുഡ‍് ഡെലിവറി ബോയുടെ ബൈക്കിലിടിച്ചു. തലകീഴായി മറിഞ്ഞ കാര്‍ മുന്നോട്ട് നീങ്ങി ബൈക്കുകളിലും ഇടിച്ചാണ് നിന്നത്.