ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനില്‍ തീവച്ച കേസിലെ പ്രതി ഷഹ്‌റൂഖ് സെയ്ഫി പിടിയിലായത് മഹാരാഷ്ട്രയിലെ രത്നഗിരിയില്‍ നിന്ന്. മഹാരാഷ്ട്ര തീവ്രവാദ വിരുദ്ധ സ്‌ക്വാഡിന്റെ കസ്റ്റഡിയിലാണ് നിലവില്‍ പ്രതി. കേന്ദ്ര ഇന്റലിജൻസിന്റെയും മഹാരാഷ്ട്ര എടിഎസിന്റെയും സംയുക്ത സംഘമാണ് മഹാരാഷ്ട്രയിലെ രത്‌നഗിരി റെയിൽവേ സ്റ്റേഷനിൽ നിന്ന് ഷാരൂഖ് സെയ്ഫിയെ കസ്റ്റഡിയിലെടുത്തത്.
ഇന്നലെ രത്‌നഗിരിയിലുണ്ടെന്ന വിവരത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ കസ്റ്റഡിയിലെടുക്കാനായത്. രത്‌നഗിരിയിലെ ആശുപത്രികൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് നിർണായകമായത്. ട്രെയിനിൽ തീവെച്ച ശേഷം പുറത്തേക്ക് ചാടിയ പ്രതിക്ക് പരിക്കേറ്റിരുന്നു. ഇയാളെ രത്നഗിരിയിലെ ആശുപത്രിയിൽ ചികിത്സ തേടിയെന്ന വിവരം പൊലീസിന് ലഭിച്ചിരുന്നു.
എന്നാൽ, ചികിത്സ പൂർത്തിയാക്കാതെ ഇയാൾ ആശുപത്രിയിൽ നിന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. തുടർന്ന് രത്‌നഗിരി മേഖലയിൽ വ്യാപക തിരച്ചിൽ നടത്തുകയും ഷാരൂഖ് സെയ്ഫിയെ റെയിൽവേസ്റ്റേഷനിൽ വച്ച് കസ്റ്റഡിയിലെടുക്കുകയും ചെയ്തു. ഇയാൾ ഇപ്പോൾ ആർപിഎഫ് രത്നഗിരിയുടെ കസ്റ്റഡിയിലാണ്. കേരള പോലീസും രത്‌നഗിരിയിലെത്തിയിട്ടുണ്ട്.
Read more
ഞായറാഴ്ച രാത്രി ഒന്‍പതരയോടെയാണ് എലത്തൂര്‍ കോരപ്പുഴ പാലത്തിന് മുകളില്‍ വച്ച് ആലപ്പുഴ-കണ്ണൂര്‍ എക്‌സിക്യുട്ടീവ് ട്രെയിനിന്റെ ഡി വണ്‍ കോച്ചില്‍ പ്രതി പെട്രോളൊഴിച്ച് തീയിട്ടത്. കോച്ചില്‍ തീ പടരുന്നത് കണ്ട് പരിഭ്രാന്തരായ മൂന്ന് പേര്‍ മരിക്കുകയും ഒന്‍പത് പേര്‍ക്ക് സാരമായി പൊള്ളലേല്‍ക്കുകയും ചെയ്തിരുന്നു.