ശമ്പളത്തിനും പെന്‍ഷനും പണമില്ല; സര്‍ക്കാരിന്റെ ആഡംബരത്തിന് കുറവില്ല; സിപിഎം ബോംബ് ഉണ്ടാക്കുന്നത് തോല്‍ക്കുമെന്ന് ഉറപ്പുള്ളപ്പോള്‍; ആഞ്ഞടിച്ച് അച്ചു ഉമ്മന്‍

തിരഞ്ഞെടുപ്പില്‍ തോല്‍ക്കുമെന്ന് ഉറപ്പായപ്പോള്‍ സിപിഎം അക്രമം അഴിച്ച്‌വിടുകയാണെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മകള്‍ അച്ചു ഉമ്മന്‍.
എന്തിനാണ് സിപിഎം ഇപ്പോള്‍ ബോംബ് ഉണ്ടാക്കുന്നത്. തോല്‍ക്കുമെന്ന് ഉറപ്പുള്ളപ്പോഴാണു നിങ്ങള്‍ അക്രമം അഴിച്ചുവിടുന്നത്. എത്രകാലം നിങ്ങളുടെ അക്രമരാഷ്ട്രീയം കണ്ടു സഹിച്ചു നില്‍ക്കണം. എത്ര അമ്മമാര്‍ക്കാണു മക്കളെ നഷ്ടപ്പെട്ടിരിക്കുന്നതെന്നും അച്ചു ചോദിച്ചു.

കണ്ണൂരില്‍ ബോംബ് നിര്‍മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ ഒരാള്‍ മരിച്ച സംഭവവുമായി ബന്ധപ്പെട്ടാണ് അച്ചു വിമര്‍ശനം ഉയര്‍ത്തിയത്. 51 വെട്ട് വെട്ടി നിങ്ങള്‍ കൊലപ്പെടുത്തിയ ടി.പി.ചന്ദ്രശേഖരന്റെ മുഖമാണ് അക്രമ രാഷ്ട്രീയം എന്നു പറയുമ്പോള്‍ ആദ്യം ഓടിയെത്തുന്നതെന്നും അവര്‍ പറഞ്ഞു.

ശമ്പളമില്ല, പെന്‍ഷനില്ല, കത്തിക്കയറുന്ന അവശ്യസാധനങ്ങളുടെ വില, വന്യജീവി പ്രശ്‌നങ്ങള്‍. എന്നാല്‍ സര്‍ക്കാരിന്റെ ആഡംബരത്തിനും ധൂര്‍ത്തിനും കുറവില്ലന്നും അച്ചു പറഞ്ഞു.

അതേസമയം, പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്ഫോടനത്തില്‍ സിപിഎമ്മിന് പങ്കില്ലെന്ന് ആവര്‍ത്തിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ രംഗത്തെത്തി. പാനൂര്‍ സംഭവത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ നേരത്തെ പാര്‍ട്ടി സഖാക്കളെ മര്‍ദ്ദിച്ചതിന് കേസുള്ളവരാണ്. പ്രതികള്‍ക്ക് വടകരയിലെ സ്ഥാനാര്‍ത്ഥിയുമായി ഒരു ബന്ധവുമില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു.

ബോംബ് സ്ഫോടന കേസിലെ പ്രതികളെ പാര്‍ട്ടി നേരത്തെ തന്നെ തള്ളിക്കളഞ്ഞതാണ്. രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ഭാഗമായി അക്രമ സംഭവങ്ങള്‍ പാടില്ലെന്നാണ് സിപിഎമ്മിന്റെ തീരുമാനം. സമാധാനത്തിന് ഭംഗം വരുത്തുന്ന യാതൊരു പ്രവര്‍ത്തനവും ഉണ്ടാകരുതെന്ന് തീരുമാനിക്കുകയും അത് നടപ്പിലാക്കുകയും ചെയ്യുന്നവരാണ് സിപിഎമ്മെന്നും ഗോവിന്ദന്‍ കൂട്ടിച്ചേര്‍ത്തു.

അതേസമയം പാനൂരില്‍ ബോംബ് നിര്‍മ്മാണത്തിനിടെ ഒരാള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ നാല് പേര്‍ അറസ്റ്റിലായിട്ടുണ്ട്. സായൂജ്, ഷിബിന്‍ലാല്‍, അരുണ്‍, അതുല്‍ എന്നിവരാണ് കേസില്‍ അറസ്റ്റിലായത്. അറസ്റ്റിലായ നാല് പേരും സംഭവ സമയം സ്ഥലത്തുണ്ടായിരുന്നവരാണ്. അറസ്റ്റിലായ അരുണിന്റെ നേതൃത്വത്തിലായിരുന്നു സ്ഫോടനത്തില്‍ പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

എന്നാല്‍ ബോംബ് സ്ഫോടനവുമായി അരുണിന് എന്തെങ്കിലും ബന്ധമുള്ളതായി പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കഴിഞ്ഞ ദിവസം നടന്ന സ്ഫോടനത്തില്‍ ഷെറിന്‍ എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സ്ഫോടനത്തില്‍ നാലുപേര്‍ക്കാണ് പരിക്കേറ്റത്. മീത്തലെ കുന്നോത്ത്പറമ്പ് സ്വദേശി വിനോദ്, സെന്‍ട്രല്‍ കുന്നോത്ത്പറമ്പ് സ്വദേശി അശ്വന്ത്, വിനീഷ് എന്നിവര്‍ക്കാണ് പരിക്കേറ്റത്.

Read more

വിനീഷിന്റെ പരിക്കുകള്‍ ഗുരുതരമാണ്. ഇയാളുടെ രണ്ട് കൈപ്പത്തികളും ചിന്നിച്ചിതറിപ്പോയി. ഇയാള്‍ കോഴിക്കോട്ട് സ്വകാര്യ ആശുപത്രിയില്‍ അതീവ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. പരിക്കേറ്റ വിനോദ് പരിയാരം മെഡിക്കല്‍ കോളജിലും അശ്വന്ത് തലശ്ശേരി സഹകരണ ആശുപത്രിയിലും ചികിത്സയിലാണ്. രണ്ടുപേരുടെയും പരിക്ക് ഗുരുതരമല്ല.