ജവഹർലാൽ നെഹ്റുവിനെ പോലൊരു ഭരണാധികാരിയുടെ അഭാവം ഇന്ത്യയിൽ ഉണ്ടെന്ന് അടൂർ ഗോപാലകൃഷ്ണൻ. നെഹ്റുവിയൻ ദര്‍ശനം കുറച്ചെല്ലാം ഇന്ദിരാഗാന്ധിയിൽ ഉണ്ടായിരുന്നു, അവരും പോയതോട് കൂടി അത് പൂർണമായും അപ്രത്യക്ഷമായെന്ന് അടൂർ അഭിപ്രായപ്പെട്ടു. മുരിക്കശ്ശേരി പാവനാത്മ കോളജിലെ ഇംഗ്ലീഷ് വിഭാഗവും സംസ്ഥാന ചലച്ചിത്ര അക്കാദമിയും ചേർന്ന് സംഘടിപ്പിക്കുന്ന അന്താരാഷ്ട്ര വിർച്വൽ സാഹിത്യോത്സവം ഉദ്‌ഘാടനം ചെയ്ത് നൽകിയ അഭിമുഖത്തിലാണ് നെഹ്റുവിന്റെ ദീർഘവീക്ഷണത്തെ കുറിച്ച് അടൂർ സംസാരിച്ചത്.
ഒരു ഭരണാധികാരിക്ക് രാജ്യത്തിൻറെ എല്ലാ വിഷയങ്ങളിലും സജീവമായ അറിവും താത്പര്യവും വേണം. നെഹ്‌റുവിനെ പോലൊരാൾ ഇന്ത്യയുടെ ജനാധിപധ്യത്തിന്റെ അടിത്തറ സ്ഥാപിക്കുന്നതിൽ പങ്കാളിയായത് രാജ്യത്തിന്റെ വലിയ ഭാഗ്യമായിട്ടാണ് താൻ കാണുന്നത് എന്ന് അടൂർ പറഞ്ഞു. ഇന്ത്യയുടെ പിറവിയും അതിന്റെ വളർച്ചയോടും ഒപ്പം വളർന്നവരാണ് തങ്ങൾ, ഇന്ത്യയെ കുറിച്ച് ഒരുപാട് പ്രതീക്ഷകളും സ്വപ്നങ്ങളും ലോകത്തിന് തന്നെ ഉണ്ടായിരുന്നു. ആ ഘട്ടത്തിൽ നെഹ്‌റുവിനെ പോലെ ഒരാൾ പ്രധാനമന്ത്രിയായി ഉണ്ടായിരുന്നു എന്നത് സൗഭാഗ്യമാണ്. എല്ലാ അടിസ്ഥാന വ്യവസായങ്ങൾക്കും അടിത്തറ ഉണ്ടാക്കി, ഇന്നിപ്പോൾ നമ്മൾ ഈ രീതിയിൽ ജീവിക്കുന്നത് ആ ദർശനത്തിന്റെ ഫലമായിട്ടാണ് എന്നും അടൂർ അഭിപ്രായപ്പെട്ടു.
സാഹിത്യത്തിൽ നിന്നും സിനിമയിലേക്കുള്ള അഡാപ്റ്റേഷൻ (അനുകൽപ്പനം) പൊതുവെ ഇഷ്ട്ടപ്പെടുന്ന ഒരാളല്ല താൻ എന്ന് അടൂർ അഭിമുഖത്തിൽ പറഞ്ഞു. തന്റെ തിരക്കഥകൾ മൂലകൃതിയുടെ എഴുത്തുകാർക്കോ സിനിമയിലെ അഭിനേതാക്കൾക്കോ നൽകാറില്ല എന്നും അടൂർ വ്യക്തമാക്കി. വൈക്കം മുഹമ്മദ് ബഷീറിന്റെ “മതിലുകൾ” സിനിമയാക്കിയപ്പോൾ തിരക്കഥ വായിക്കാൻ കൊടുക്കുമോ എന്ന് ബഷീർ ചോദിച്ചിരുന്നു, എന്നാൽ നൽകിയില്ല. അതേസമയം തിരക്കഥ മറ്റുള്ളവർക്ക് വായിക്കാൻ കൊടുക്കില്ല എന്ന തീരുമാനത്തിന് ഒരു ഇളവ് വരുത്തണമെന്ന് സിനിമയിൽ ബഷീർ ആയി അഭിനയിച്ച മമ്മൂട്ടി അഭ്യർത്ഥിച്ചപ്പോൾ തിരക്കഥ നൽകിയെന്നും അത് അപൂർവ്വമായി നടക്കുന്ന കാര്യമാണെന്നും അടൂർ ഗോപാലകൃഷ്ണൻ പറഞ്ഞു.
Read more
സിനിമയുടെ സൗന്ദര്യശാസ്ത്രം സാഹിത്യത്തെയും നേരെ തിരിച്ചും വ്യാപകമായി പ്രചോദിപ്പിച്ചത് എങ്ങനെയെന്ന അന്വേഷണമാണ് അന്താരാഷ്ട്ര വിർച്വൽ സാഹിത്യോത്സവത്തിന്റെ ലക്ഷ്യം. ലോക സിനിമയിലെയും ഇന്ത്യൻ സിനിമയിലെയും മലയാള സിനിമയിലെയും ചലച്ചിത്രാവിഷ്കാരങ്ങളാണ് മേളയുടെ കേന്ദ്രവിഷയം. മേളയിൽ രണ്ട് സമാന്തര സെഷനുകൾ ഉണ്ടായിരിക്കും ഇതിൽ വെർച്വൽ ടോക്ക് സീരീസും വിർച്വൽ അക്കാദമിയയും ഉൾപ്പെടുന്നു, ക്ഷണിക്കപ്പെട്ട അതിഥികളുടെ പ്രഭാഷണങ്ങൾ, അഭിമുഖങ്ങൾ സംവേദനാത്മക സെഷനുകൾ, പേപ്പർ അവതരണങ്ങൾ, കവിതാ അവതരണങ്ങൾ, ക്വിസ്, മറ്റ് മത്സരങ്ങളും പരിപാടിയിൽ ഉൾപ്പെടുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള സാഹിത്യത്തിലെയും സിനിമയിലെയും ആറ് തലമുറയിലെ മികച്ച കലാകാരന്മാരുടെ ഒരു സംഗമമായിരിക്കും മേള. ഡിസംബർ 4 മുതൽ 2021 ജനുവരി 30 വരെയാണ് സാഹിത്യോത്സവം നടക്കുക.