വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം; വഴിയാത്രക്കാരന് കുത്തേറ്റു, യുവാവ് ഗുരുതരാവസ്ഥയില്‍

വയനാട്ടില്‍ വീണ്ടും കാട്ടാന ആക്രമണം. വഴിയാത്രക്കാര്‍ക്ക് നേരെയുണ്ടായ കാട്ടാന ആക്രമണത്തില്‍ ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. പാലക്കാട് സ്വദേശി സതീഷിനെയാണ് കാട്ടാന കുത്തി വീഴ്ത്തിയത്. മാനന്തവാടിയില്‍ പ്രാഥമിക ചികിത്സ നല്‍കിയശേഷം സതീഷിനെ കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തില്‍ പ്രതിഷേധിച്ച് കര്‍ഷകസംഘം പഴൂര്‍ തോട്ടംമൂല ഫോറസ്റ്റ് ഓഫീസ് ഉപരോധിച്ചു. ഇന്ന് ഉച്ചയ്ക്ക് 2.30ഓടെ പുല്‍പ്പള്ളി ചേകാടിയിലാണ് ആക്രമണമുണ്ടായത്. പരിക്കേറ്റ സതീഷ് ഉള്‍പ്പെടെ നാലംഗ സംഘം റോഡിലൂടെ നടന്നു പോകുകയായിരുന്നു. ഇതിനിടയിലാണ് കാട്ടാനയുടെ മുന്നില്‍ പെട്ടത്.

മൂന്നുപേര്‍ ആക്രമണത്തില്‍ നിന്നും ഓടി രക്ഷപ്പെടുകയും കാലില്‍ കമ്പി ഇട്ടിരിക്കുന്നതിനാല്‍ സതീഷ് ആനയുടെ മുന്നില്‍ പെടുകയുമായിരുന്നു. പാഞ്ഞെത്തിയ കാട്ടാന സതീഷിനെ കുത്തി വീഴ്ത്തി. കാട്ടാന സ്ഥലത്ത് നിന്ന് പോയ ശേഷം ഒപ്പമുണ്ടായിരുന്നവര്‍ തന്നെയാണ് സതീഷിനെ ആശുപത്രിയിലെത്തിച്ചത്.

Read more

ആദ്യം മാനന്തവാടി ആശുപത്രിയില്‍ എത്തിച്ച സതീഷിനെ അടിയന്തര ശസ്ത്രക്രിയക്ക് ശേഷം കോഴിക്കോട് മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. വാരിയെല്ലിന് പൊട്ടലുള്ളതിനാല്‍ ആരോഗ്യനില അതീവ ഗുരുതരമാണ്.