മന്ത്രിസഭയിലേക്ക്; എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു

ഫോൺകെണി കേസിൽ കുറ്റവിമുക്തനായ എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിസഭയിലേക്ക്. വിവാദമായ ഫോൺ കെണി കേസിൽ രാജിവെക്കേണ്ടി വന്ന എ.കെ ശശീന്ദ്രൻ വീണ്ടും മന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. രാജ്ഭവനിൽ നടന്ന ചടങ്ങിൽ ഗവർണർ പി.സദാശിവം സത്യവാചകം ചൊല്ലിക്കൊടുത്തു.

സത്യപ്രതിജ്ഞയ്ക്കായി ഗവർണറോട് സർക്കാർ ഇന്നത്തേക്ക് സമയം ചോദിച്ചിരുന്നു. കുറ്റവിമുക്തനായതിന് ശേഷം ശശീന്ദ്രനെ മന്ത്രിസഭയിൽ തിരികെയെടുക്കണം എന്നാവശ്യപ്പെട്ട് മുഖ്യമന്ത്രി പിണറായി വിജയനും ഇടതുമുന്നണിക്കും എൻ.സി.പി കേന്ദ്ര നേതൃത്വം കത്ത് നൽകിയിരുന്നു. സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും വകുപ്പ് ഏതെന്ന് തീരുമാനിച്ചിട്ടില്ല.

അതേസമയം, മുഖ്യമന്ത്രിയിൽ നിന്നും ഗതാഗത വകുപ്പ് തന്നെയാണ് എൻ.സി.പി നേതൃത്വം ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഹണി ട്രാപ്പ് കേസിൽ പരാതിയില്ലെന്ന ചാനല്‍ ചാനല്‍ പ്രവര്‍ത്തകയുടെ നിലപാട് അംഗീകരിച്ചാണ് കോടതി കഴിഞ്ഞ ദിവസം ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയത്. എന്നാൽ കേസില്‍ ശശീന്ദ്രനെ കുറ്റവിമുക്തനാക്കിയ കീഴ്ക്കോടതി വിധിക്കെതിരെ ഇന്നലെ ഹൈക്കോടതിയില്‍ ഹര്‍ജി ലഭിച്ചിരുന്നു.