തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരം; യുവാവ് മരിച്ചത് രോഗം ബാധിച്ചെന്ന് സംശയം, നാല് പേർ ചികിത്സയിൽ, ഒരാളുടെ പ്രാഥമിക ഫലം പോസിറ്റീവ്

തിരുവനന്തപുരത്തും അമീബിക്ക് മസ്തിഷ്ക ജ്വരമെന്ന് സംശയം. കഴിഞ്ഞ മാസം 23ന് മെഡിക്കൽ കോളേജ് ആശുപത്രിയിൽ മരിച്ച യുവാവിന് അമീബിക്ക് മസ്തിഷ്ക ജ്വരമെന്നാണ് സംശയിക്കുന്നത്. സമാന രോഗലക്ഷണങ്ങളോടെ മറ്റൊരു യുവാവും മെഡിക്കൽ കോളേജിൽ ചികിത്സയിലാണ്. യുവാവിന്റെ പ്രാഥമിക ഫലം പോസിറ്റീവാണ്.

ആരോഗ്യവകുപ്പ് വെള്ളത്തിന്റെ സാംപിൾ ശേഖരിച്ചു പരിശോധനയ്ക്കു അയച്ചു. ഇതേ കുളത്തിൽ ഇറങ്ങിയവരിൽ 3 പേർക്കു കൂടി കടുത്ത പനി കണ്ടെത്തിയിട്ടുണ്ട്. നെയ്യാറ്റിൻകര നെല്ലിമൂട് സ്വദേശികളാണ് യുവാക്കൾ. ഇവർ കുളിച്ച കുളം ആരോഗ്യവകുപ്പ് അടച്ചു. കണ്ണറവിള പൂതംകോട് അനുലാൽ ഭവനിൽ അഖിൽ (27) കഴിഞ്ഞ 23ന് ആണു മരിച്ചത്. മരിക്കുന്നതിന് 10 ദിവസം മുൻപാണ് അഖിലിനു പനി ബാധിച്ചത്. തുടക്കത്തിൽ വീടിനു സമീപത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ നടത്തി. കടുത്ത തലവേദനയും ഉണ്ടായിരുന്നതായി ബന്ധുക്കൾ പറഞ്ഞു.

തലച്ചോറിലെ അണുബാധയെത്തുടർന്നു മരിച്ചെന്നാണു ഡോക്ടർമാർ അറിയിച്ചത്. അതിയന്നൂർ പഞ്ചായത്തിലെ കണ്ണറവിളയ്ക്കു സമീപത്തെ കാവിൻകുളത്താണ് അഖിലും മറ്റുള്ളവരും കുളിച്ചത്. ആരോഗ്യവകുപ്പ് നിർദേശത്തെത്തുടർന്നു കുളത്തിൽ ഇറങ്ങുന്നതു കർശനമായി വിലക്കി. ഇതു സംബന്ധിച്ചു നോട്ടീസ് ബോർഡും സ്ഥാപിച്ചു.