സംസ്ഥാനത്ത് ഒരു കുട്ടി കൂടി അമീബിക് മസ്തിഷ്ക ജ്വര ലക്ഷണങ്ങളോടെ ചികിത്സയിൽ. കോഴിക്കോട് സ്വദേശിയായ നാലു വയസുകാരൻ ആണ് ചികിത്സയിലുള്ളത്. പരിശോധനാഫലം ഇന്ന് പുറത്ത് വരും. അതേസമയം അമീബിക് മസ്തിഷ്കജ്വരം ബാധിച്ച കണ്ണൂർ സ്വദേശിയായ മൂന്ന് വയസുകാരൻ ഗുരുതരാവസ്ഥയിൽ തന്നെ തുടരുകയാണ്.
അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് ചികിത്സയിലായിരുന്ന പതിനാലു വയസുകാരൻ അഫ്നാൻ കഴിഞ്ഞദിവസം രോഗമുക്തി നേടിയിരുന്നു. രാജ്യത്ത് തന്നെ അപൂർവമായാണ് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ച ഒരാൾ രോഗമുക്തി നേടുന്നത്. ലോകത്ത് തന്നെ ഇത്തരത്തിൽ രോഗമുക്തി കൈവരിച്ചിട്ടുള്ളത് 11 പേർ മാത്രമാണ്. 97% മരണ നിരക്കുള്ള രോഗത്തിൽ നിന്നാണ് കുട്ടിയെ ജീവിതത്തിലേക്ക് തിരികെയെത്തിക്കാൻ സാധിച്ചത്.
അമീബിക് മസ്തിഷ്‌കജ്വരം കേരളത്തിൽ ആശങ്കയാവുകയാണ്. റിപ്പോർട്ട് ചെയ്തശേഷം ഏഴുവർഷത്തിനിടെ ആറുപേർക്കുമാത്രം ബാധിച്ച രോഗം മൂലം രണ്ടുമാസത്തിനിടെ മൂന്ന് പേരാണ് മരിച്ചത്. മേയ് 21ന് മലപ്പുറം മൂന്നിയൂർ സ്വദേശിയായ അഞ്ചുവയസുകാരിയും ജൂൺ 16ന് കണ്ണൂരിൽ 13കാരിയുമാണ് ജൂലായ് മൂന്നിന് കോഴിക്കോട് ഫാറൂഖ് കോളേജ് സ്വദേശിയായ പന്ത്രണ്ടുവയസുകാരനുമാണ് അമീബിക് മസ്തിഷ്കജ്വരം ബാധിച്ച് മരിച്ചത്.