പത്മകുമാറിനും കുടുംബത്തിനും വേണ്ടി വാദിക്കാനെത്തിയവരില്‍ ഫെനി ബാലകൃഷ്ണനും; കോടതിയിലെത്തിയത് ആറ് അഭിഭാഷകര്‍

കൊല്ലം ഓയൂരില്‍ കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസില്‍ പിടിയിലായ പ്രതികള്‍ക്ക് വേണ്ടി വാദിക്കാന്‍ കോടതിയില്‍ അഭിഭാഷകരുടെ മത്സരം. കേസില്‍ പ്രതികളായ പത്മകുമാറിനും കുടുംബത്തിനും വേണ്ടി വാദിക്കാന്‍ ആറ് അഭിഭാഷകരാണ് ഇന്നലെ കോടതി വളപ്പിലെത്തിയത്. കേസില്‍ പ്രതികള്‍ക്ക് വേണ്ടി ലീഗല്‍ സര്‍വീസ് അതോറിറ്റി നേരത്തെ രണ്ട് അഭിഭാഷകരെ നിയോഗിച്ചിരുന്നു. ഇതിന് പുറമേയാണ് നാല് പേര്‍ കൂടി രംഗത്തെത്തിയത്.

അഡ്വ കെ സുഗുണന്‍, അഡ്വ അജി മാത്യു എന്നിവരെയാണ് ലീഗല്‍ അതോറിറ്റി പ്രതികള്‍ക്കായി നിയോഗിച്ചിരുന്നത്. എന്നാല്‍ കഴിഞ്ഞ ദിവസം പ്രതികളെ കോടതിയില്‍ ഹാജരാക്കിയപ്പോള്‍ സോളാര്‍ കേസില്‍ ഇരയുടെ ആദ്യകാല അഭിഭാഷകനായ അഡ്വ ഫെനി ബാലകൃഷ്ണന്‍ ഉള്‍പ്പെടെ കൂടുതല്‍ അഭിഭാഷകര്‍ പ്രതികള്‍ക്കായി രംഗത്തെത്തുകയായിരുന്നു.

പത്മകുമാറിന്റെയും കുടുംബത്തിന്റെയും അഭിഭാഷകനെന്ന വാദവുമായാണ് ഫെനി ബാലകൃഷ്ണന്‍ എത്തിയത്. അതേ സമയം കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ പത്മകുമാറിന്റെയും കുടുംബത്തിന്റെയും ബന്ധുക്കള്‍ തനിക്ക് വക്കാലത്ത് നല്‍കിയെന്ന വാദവുമായി കൃഷ്ണകുമാര്‍ എന്ന അഭിഭാഷകനും രംഗത്തെത്തി. കഴിഞ്ഞ ശനിയാഴ്ച പ്രതികളെ കോടതിയില്‍ ഹാജരാക്കുമ്പോള്‍ അഭിഭാഷകര്‍ ഇല്ലാതിരുന്നതിനാലാണ് കോടതി ലീഗല്‍ സര്‍വീസ് അതോറിറ്റിയില്‍ നിന്ന് രണ്ടുപേരെ അനുവദിച്ചത്.

അഭിഭാഷകര്‍ക്ക് ഇതില്‍ എന്തെങ്കിലും തര്‍ക്കമുണ്ടെങ്കില്‍ പ്രതികളുമായി സംസാരിച്ച് ധാരണയിലെത്താനും കോടതി അറിയിച്ചു. ഇതേ തുടര്‍ന്ന് കോടതി മുറിയ്ക്ക് പുറത്ത് അഭിഭാഷകരും പ്രതികളും നടത്തിയ ചര്‍ച്ചയില്‍ ലീഗല്‍ സര്‍വീസ് അതോറിറ്റി നിശ്ചയിച്ച അഭിഭാഷകര്‍ മതിയെന്ന് പ്രതികള്‍ കോടതിയെ അറിയിച്ചു.

Read more

അതേ സമയം അന്വേഷണ സംഘം പ്രതികളെ വിഭജിച്ചിരുത്തി നടത്തിയ ചോദ്യം ചെയ്യലില്‍ തട്ടിക്കൊണ്ട് പോകലിന് പിന്നില്‍ തങ്ങള്‍ക്ക് പങ്കില്ലെന്ന് വാദിച്ചു. അന്വേഷണ സംഘം തെളിവുകള്‍ നിരത്തി വീണ്ടും ചോദ്യം ചെയ്തതോടെ മൂന്ന് പേരും മൗനത്തിലായി. കൊട്ടാരക്കര മജിസ്‌ട്രേറ്റ് കോടതി ഏഴ് ദിവസത്തേക്കാണ് പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ വിട്ടിരിക്കുന്നത്.