ആര്‍.ജെ സൂരജിന് പിന്തുണയുമായി ഷംസീര്‍; 'വിശ്വാസം അടിച്ചേല്‍പ്പിക്കേണ്ടതല്ല, തെറികൊണ്ടല്ല പ്രബോധനം'

മലപ്പുറത്തെ ഫ്‌ളാഷ്‌മോബുമായി ബന്ധപ്പെട്ടുണ്ടായ വിവാദത്തില്‍ ആര്‍.ജെ സൂരജിനെ പിന്തുണച്ചും മതമൗലീകവാദികളെ തള്ളിയും ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് എ. എന്‍ ഷംസീര്‍ എം.എല്‍.എ. വിശ്വാസം അടിച്ചേല്‍പ്പിക്കേണ്ടതല്ലെന്നും തെറി വിളിച്ചല്ല പ്രബോധനം നടത്തേണ്ടതെന്നും ഷംസീര്‍ ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

ഷംസീറിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

മലപ്പുറത്ത് എയ്ഡ്സ് ബോധവത്കരണത്തിനായി ഫ്‌ലാഷ് മോബ് അവതരിപ്പിച്ച പെണ്‍കുട്ടികള്‍ക്ക് നേരെ അസഭ്യവര്‍ഷം നടത്തിയ തെമ്മാടികൂട്ടങ്ങളെ വിമര്‍ശിച്ചതിനാണ് പ്രവാസിയായ ഒരു കലാകാരന് മതമൗലികവാദികളുടെ ഭീഷണിയും , തെറിയഭിഷേകവും നേരിടേണ്ടി വന്നിട്ടുള്ളത്. അയാള്‍ ജോലി ചെയ്യുന്ന സ്ഥാപനത്തിനെയടക്കം വിഷയത്തിലേക്ക് കൊണ്ടുവന്ന് കാര്യങ്ങളെ മറ്റൊരു തരത്തിലേക്ക് എത്തിക്കുക്കയാണ് മതമൗലികവാദികള്‍ ചെയതത്.

വിശ്വാസം അടിച്ചേല്‍പ്പിക്കേണ്ട സംഗതിയാണെന്നാണോ ഇവര്‍ ധരിച്ചു വെച്ചിരിക്കുന്നത് ? തെറി ഉപയോഗിച്ചല്ല പ്രബോധനം ചെയ്യേണ്ടത് എന്നത് സാമാന്യ ബുദ്ധി പോലുമില്ലാത്ത ഇത്തരക്കാരെ ഒരു വിശ്വാസി സമൂഹവും അംഗീകരിക്കുമെന്ന് തോന്നുന്നില്ല.

വിമര്‍ശനത്തോട് എന്തിനാണ് ഇവരിത്ര അസഹിഷ്ണുത കാണിക്കുന്നത് എന്നത് മനസിലാകുന്നില്ല. ഇവരുടെയൊക്കെ പ്രവൃത്തികള്‍ പൊതു സമൂഹം കാണുന്നുണ്ട്, വിലയിരുത്തുന്നുണ്ട് എന്ന് മനസിലാക്കാന്‍ വിശ്വാസിസമൂഹം തയ്യാറാവേണ്ടതുണ്ട്. സമാധാനത്തിന്റെ മതത്തെ അസഹിഷ്ണുതയുടെ മതമാക്കി മാറ്റാന്‍ ശ്രമിക്കുന്ന ഇത്തരക്കാര്‍ക്കെതിരെ വിശ്വാസിസമൂഹം ജാഗ്രത പുലര്‍ത്തേണ്ടതുണ്ട്.

https://www.facebook.com/AnshamseerMLA/posts/1494439147291456