'ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക്കും'; തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്ന് പിസി ജോർജ്

പത്തനംതിട്ടയിൽ എൻഡിഎ സ്ഥാനാർത്ഥി അനില്‍ ആന്‍റണി വിജയിക്കുമെന്ന് പിസി ജോർജ്. വോട്ട് രേഖപ്പെടുത്തിയ ശേഷം പ്രതികരിക്കുകയായിരുന്നു അദ്ദേഹം. പത്തനംതിട്ടയിൽ ഇടത് സ്ഥാനാർഥി തോമസ് ഐസക്ക് മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെടുമെന്നും പിസി പറഞ്ഞു.

സംസ്ഥാനത്ത് 20 സീറ്റുകളിൽ അഞ്ച് ഇടങ്ങളിൽ ശക്തമായ മത്സരമാണ് നടക്കുന്നത്. പത്തനംതിട്ടയിൽ ക്രിസ്ത്യൻ വോട്ടുകൾ ഭൂരിഭാഗവും അനിലിന് ലഭിക്കുമെന്നും പിസി ജോർജ് കൂട്ടിച്ചേര്‍ത്തു. പിസി ജോർജും ഭാര്യ ഉഷയും ഈരാറ്റുപേട്ട തെക്കേക്കര ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്കൂളിലെ പതിനേഴാം നമ്പർ ബൂത്തിലാണ് വോട്ട് ചെയ്തത്.

അതേസമയം കേരളമൊട്ടാകെ അതിരൂക്ഷമായ ജനരോഷത്തിന്റെ കൊടുങ്കാറ്റ് കേന്ദ്ര സർക്കാരിനും കേരള സർക്കാരിനും എതിരെ വീശുകയാണെന്നാണ് എകെ ആന്‍റണി പറഞ്ഞത്. ആ കൊടുങ്കാറ്റിന്റെ ശക്തിയിൽ ഇന്നത്തെ പോളിം​ഗ് കഴിയുമ്പോൾ ഇടതുമുന്നണി തകരും, ബിജെപി തകർന്ന് തരിപ്പണമാകും.

20 സീറ്റിലും യുഡിഎഫ് സ്ഥാനാർത്ഥികൾ നല്ല ഭൂരിപക്ഷത്തോടെ ജയിക്കും എന്നാണ് ഞങ്ങളുടെ എല്ലാം ആത്മവിശ്വാസമെന്ന് വോട്ട് രേഖപ്പെടുത്തിയതിന് ശേഷം പുറത്തെത്തിയ എകെ ആന്റണി മാധ്യമങ്ങളോട് പറഞ്ഞു. തിരുവനന്തപുരത്ത് ജഗതി യുപി സ്കൂളിലാണ് എകെ ആന്‍റണി വോട്ട് ചെയ്യാനെത്തിയത്.