കണ്ണുർ സർവകലാശാലയിലെ പുസ്തക വിവാദത്തില്‍ ഉന്നതവിദ്യാഭ്യാസ വകുപ്പ് വൈസ് ചാൻസലറോട് റിപ്പോർട്ട് തേടി. റിപ്പോർട്ട് ലഭിച്ച ശേഷം ഉന്നത വിദ്യാഭ്യാസ കൗൺസിൽ വിഷയം പരിശോധിക്കും. വിവാദത്തിൽ പ്രതിപക്ഷ വിദ്യാഭ്യാസ സംഘടനകൾ പ്രതിഷേധം ശക്തമാക്കുന്നതിനിടെയാണ് സർക്കാർ വിഷയത്തിൽ ഇടപ്പെട്ടിരിക്കുന്നത്.
വർഗീയത സിലബസിന്റെ ഭാഗമാകുന്നത് അപകടകരമാണ്. സിലബസ് ഉണ്ടാക്കിയത് വി,സി അറിഞ്ഞു കൊണ്ടാകണമെന്നില്ല. സിലബസ് മരവിപ്പിക്കണമോയെന്ന് വി.സിയുടെ വിശദീകരണത്തിന് ശേഷം തീരുമാനിക്കുമെന്നും മന്ത്രി ആര്. ബിന്ദു പറഞ്ഞു. സിലബസ് പഠിപ്പിച്ച് തുടങ്ങിയിട്ടില്ല. വിഷയം പക്വതയോടെ കൈകാര്യം ചെയ്യും. ഒരു ദിവസം കൊണ്ട് ആകാശം ഇടിഞ്ഞുവീഴില്ലെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.
എന്നാൽ സർവകലാശാലയുടെ വിവാദ സിലബസിനെ പിന്തുണയ്ക്കുന്നുവെന്ന് കണ്ണൂർ സർവകലാശാല യൂണിയൻ വ്യക്തമാക്കി. വിദ്യാർത്ഥികൾക്കിടയിൽ ഗോൾവാൾക്കറും സവർക്കറുമെല്ലാം ചർച്ച ചെയ്യപ്പെടണം. വിമർശനാത്മകമായി കാര്യങ്ങൾ മനസ്സിലാക്കണം. നാലംഗ സമിതിയാണ് സിലബസ് തയ്യാറാക്കിയതെന്നും മഹാത്മാഗാന്ധിയെ തിരസ്കരിച്ചിട്ടില്ലെന്നും സർവകലാശാല യൂണിയൻ ചെയർമാൻ അഭിപ്രായപ്പെട്ടു.
Read more
അതേസമയം, വിവാദ സിലബസ് മരിവിപ്പിക്കാമെന്ന് വി.സി ഉറപ്പ് നൽകിയെന്നാണ് കെ.എസ്.യു വ്യക്തമാക്കുന്നത്. വി.സി യുമായി നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നേതാക്കളുടെ പ്രതികരണം. സിലബസ് പരിശോധിക്കാൻ അഞ്ചംഗ സമിതിയെ നിയോഗിക്കുമെന്ന് വി.സി ഉറപ്പു നല്‍കിയതായും കെ.എസ്.യു നേതാക്കള്‍ പറഞ്ഞു. വിഷയത്തിൽ കെ.എസ്.യു, യൂത്ത് കോൺഗ്രസ്, ഫ്രറ്റേണിറ്റി, എം.എസ്.എഫ് പ്രവർത്തകർ യൂനിവേഴ്സിറ്റിക്ക് മുന്നിൽ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.