സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാന്‍ നിയമനം, ജസ്റ്റിസ് മണികുമാറില്‍ പ്രതിപക്ഷ എതിര്‍പ്പ്‌; ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടും

സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ ചെയര്‍മാനായി എസ് മണികുമാറിനെ നിയമിക്കുന്നതില്‍ ഗവര്‍ണര്‍ വിശദീകരണം തേടും. മണികുമാറിനെതിരായ ആരോപണങ്ങളിലാണ് ഗവര്‍ണര്‍ സര്‍ക്കാരിനോട് വിശദീകരണം തേടുക. നിയമനത്തില്‍ പരാതികള്‍ ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെടുന്നത്. ചീഫ് സെക്രട്ടറിയോടാണ് ഗവര്‍ണര്‍ വിശദീകരണം ആവശ്യപ്പെടുക.

മണികുമാറിനെതിരെ ഉയര്‍ന്ന ആരോപണങ്ങളില്‍ വ്യക്തത വരുത്തണമെന്നാണ് രാജ്ഭവന്‍ ആവശ്യപ്പെടുക. മണികുമാറിന്റെ നിയമനവുമായി ബന്ധപ്പെട്ട് ഗവര്‍ണര്‍ക്ക് നിരവധി പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് രാജ്ഭവന്റെ നടപടി.

കേരള ഹൈക്കോടതി മുന്‍ ചീഫ് ജസ്റ്റിസ് എസ് മണികുമാറിനെ ചെയര്‍മാനായി നിയമിക്കാന്‍ ഓഗസ്റ്റ് ഏഴിന് ആണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനിച്ചത്. എന്നാല്‍ പ്രതിപക്ഷം നിയമനത്തിനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ ആണ് നിയമനത്തിന് അംഗീകാരം നല്‍കേണ്ടത്. പരാതികള്‍ ലഭിച്ച സാഹചര്യത്തില്‍ ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയ ശേഷമായിരിക്കും ഗവര്‍ണര്‍ വിഷയത്തില്‍ അന്തിമ തീരുമാനമെടുക്കുക.

രമേശ് ചെന്നിത്തല ഉള്‍പ്പെടെയുള്ള നേതാക്കള്‍ സര്‍ക്കാര്‍ തീരുമാനത്തെ വിമര്‍ശിച്ച് രംഗത്തെത്തിയിരുന്നു. മണികുമാറിന്റെ നിയമന ശുപാര്‍ശ ഗവര്‍ണര്‍ക്ക് മുന്നിലെത്തിയത് പ്രതിപക്ഷ നേതാവിന്റെ വിയോജന കുറിപ്പോടെയാണ്. നിയമനസമിതിയിലുള്‍പ്പെട്ട പ്രതിപക്ഷ നേതാവ് വിഡി സതീശന്റെ വിയോജനക്കുറിപ്പ് ഉള്‍പ്പെടെയുള്ള പാനല്‍ ശുപാര്‍ശയാണ് രാജ്ഭവന് ലഭിച്ചത്. സമിതിയിലെ അംഗങ്ങളായ മുഖ്യമന്ത്രിയും സ്പീക്കറും ജസ്റ്റിസ് മണികുമാറിന്റെ നിയമനത്തെ അനുകൂലിച്ചപ്പോള്‍ വിഡി സതീശന്‍ എതിര്‍ത്തു.

Read more

ചീഫ് ജസ്റ്റിസായിരിക്കെ സര്‍ക്കാരിന് അനുകൂല നിലപാടാണ് ജസ്റ്റിസ് മണികുമാര്‍ സ്വീകരിച്ചിരുന്നതെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ ആരോപിക്കുന്നത്.  വിരമിച്ച മണികുമാറിന് സര്‍ക്കാര്‍ ചിലവില്‍ അസാധാരണ യാത്രയയപ്പ് നല്‍കിയതും ഏറെ വിവാദമുണ്ടാക്കിയിരുന്നു. ഇന്ന് ഡല്‍ഹിയിലേക്ക് പോകുന്ന ഗവര്‍ണര്‍ 10ന് തിരികെ എത്തും. ഇതിന് ശേഷമാണ് ഗവര്‍ണര്‍ വിഷയം പരിശോധിക്കുക.