സംസ്ഥാനത്തെ ടൂറിസം ഡയറക്ടറേറ്റില്‍ ലക്ഷങ്ങള്‍ ചെലവഴിച്ച് നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന് നേരെ വിമര്‍ശനം. 40 ലക്ഷം രൂപ ചെലവഴിച്ച് ഡയറക്ടറേറ്റിന്റെ ഓഫിസ്, സന്ദര്‍ശക മുറികള്‍ എന്നിവ ഫൈവ് സ്റ്റാര്‍ സ്യൂട്ടാക്കി മോടിപിടിപ്പിക്കാനാണ് നീക്കം. വാസ്തുദോഷത്തിന്റെ പേരിലാണ് ഇത്രയും തുക ചെലവാക്കി നവീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നത് എന്നാണ് ആരോപണങ്ങള്‍ ഉയരുന്നത്.
ഡയറക്ടര്‍മാര്‍ ഇരിക്കുന്ന ദിശ ശരിയല്ല എന്ന് ജോത്സ്യന്‍ ഉപദേശിച്ചതിനെ തുടര്‍ന്ന് മുറിയുടെ ദിശ തന്നെ മാറ്റിയതായി വകുപ്പില്‍ ഉള്ളവര്‍ ആരോപിക്കുന്നു. ടൂറിസം വകുപ്പ് മന്ത്രിയുടെ അനുമതി തേടാതെ ഡയറക്ടര്‍ സ്വയം തീരുമാനിച്ച് മാറ്റങ്ങള്‍ വരുത്തുകയായിരുന്നു എന്നും ആക്ഷേപങ്ങളുണ്ട്. ടൂറിസം മേഖല പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് ഓഫിസ് നവീകരണത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ചത്. നേരത്തെ ഉണ്ടായിരുന്ന ഡയറക്ടര്‍മാര്‍ക്ക് ഇല്ലാതിരുന്ന എന്ത് ദോഷമാണ് ഇപ്പോഴത്തെ ഡയറക്ടര്‍ക്ക് എന്നും വിമര്‍ശകര്‍ ചോദിക്കുന്നു.
Read more
ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിയാണ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ചെയ്തത്. ഓഫിസ് മോടിപിടിപ്പിക്കുന്നതിനായുള്ള ഊരാളുങ്കലിന്റെ ശിപാര്‍ശ അംഗീകരിച്ച ഡയറക്ടര്‍ ഇതിനായി 40 ലക്ഷം രൂപ ടൂറിസം ഹെഡില്‍ നിന്ന് അനുവദിക്കണം എന്ന് ഉത്തരവും നല്‍കിയിരുന്നു.