നാടിന്റെ നൊമ്പരമായി ഡോ. വന്ദന; ഇന്ന് സംസ്‌കാരം

കൊട്ടാരക്കര താലൂക്ക് ആശുപത്രിയില്‍ ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട ഡോ. വന്ദന ദാസിന്റെ സംസ്‌കാരം ഇന്ന് നടക്കം. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്നും കോട്ടയം കടുത്തുരുത്തി മുട്ടുചിറയിലെ വീട്ടിലെത്തിച്ചു. രാത്രി എട്ടുമണിയോടെയാണ് വന്ദനയുടെ മൃതദേഹം വീട്ടിലെത്തിച്ചത്. പൊതുദര്‍ശനത്തിനും ചടങ്ങുകള്‍ക്കും ശേഷം രാവിലെ 11 മണിയോടെ സംസ്‌കാരം നടക്കും.

ഇന്നലെ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വന്ദനയുടെ മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനും കോണ്‍ഗ്രസ് നേതാവ് വിഎം സുധീരനുമടക്കം നിരവധി പ്രമുഖര്‍ ആശുപത്രിയിലെത്തി അന്തിമോപചാരമര്‍പ്പിച്ചു.

വന്ദന പഠിച്ച കൊല്ലം അസീസിയ മെഡിക്കല്‍ കോളേജിലും പൊതുദര്‍ശനമുണ്ടായിരുന്നും.

ഡോക്ടര്‍ വന്ദനയുടെ ശവസംസ്‌കാരചടങ്ങിനോട് അനുബന്ധിച്ച് കുറുപ്പന്തറ മുതല്‍ കടുത്തുരുത്തി വരെ പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്ന ഗതാഗത നിയന്ത്രണങ്ങള്‍.

എറണാകുളം ഭാഗത്ത് നിന്നും ഏറ്റുമാനൂര്‍ – കോട്ടയം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍ ( കണ്ടെയ്‌നര്‍ ലോറി ഒഴികെ ) കടുത്തുരുത്തി സെന്‍ട്രല്‍ ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് പാലകര- തോട്ടുവ -കാഞ്ഞിരത്താനം -കുറുപ്പന്തറ വഴി പോകേണ്ടതാണ്.ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്‌നര്‍ ലോറികള്‍ ഈ സമയത്ത് തലയോലപ്പറമ്പ് ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.

കോട്ടയം ഭാഗത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് വരുന്ന വാഹനങ്ങള്‍( കണ്ടെയ്‌നര്‍ ലോറി ഒഴികെ ) കുറുപ്പന്തറയില്‍ നിന്നും ഇടത്തേക്ക് തിരിഞ്ഞ് മണ്ണാറപ്പാറ- മള്ളിയൂര്‍ ജംഗ്ഷന്‍- റോയല്‍ മാര്‍ബിള്‍ ജംഗ്ഷന്‍- മുട്ടുചിറ വഴി പോകേണ്ടതാണ്. ഈ ഭാഗത്തുനിന്നും വരുന്ന കണ്ടെയ്‌നര്‍ ലോറികള്‍ ഈ സമയത്ത് ഏറ്റുമാനൂര്‍ ഭാഗത്ത് പാര്‍ക്ക് ചെയ്യേണ്ടതാണ്.