കർണാടകയിലെ ഷിരൂരിൽ മണ്ണിടിച്ചിലിൽ കാണാതായ മലയാളി അർജുന് വേണ്ടിയുള്ള തിരച്ചില്‍ അന്തിമ ഘട്ടത്തിൽ. പുഴയുടെ അടിത്തട്ടിൽ തിരച്ചിൽ നടത്താനായി സൈനിക സംഘമെത്തി. ദൗത്യവുമായി ബന്ധപ്പെട്ട് കരസേനയും നാവികസേനയും ആക്ഷൻ പ്ലാൻ തയാറാക്കുന്നു. പുതിയതായി ഒരു ലോങ് ബൂം എക്സ്കവേറ്റർ കൂടി എത്തിച്ചിട്ടുണ്ട്. അർജുൻ ഉൾപ്പെടെ മൂന്ന് പേരെയാണ് ഇനിയും കണ്ടെടുക്കാനുളളത്.
ട്രക്ക് പുറത്ത് എടുക്കുക എന്നതിനല്ല പ്രഥമ പരിഗണന അർജുനെ കണ്ടെത്തുന്നതിനാണെന്ന് സൈന്യം അറിയിച്ചു. ഡൈവർമാരെ ഇറക്കി ക്യാബിനിൽ അർജുൻ ഉണ്ടോ എന്ന് കണ്ടെത്തുന്നതിനാണ് ആദ്യ പരിഗണന. പിന്നീട് ട്രക്ക് പുറത്തെടുക്കാൻ ശ്രമിക്കുമെന്നും സൈന്യം അറിയിച്ചു. അതേസമയം പ്രദേശത്ത് ശക്തമായ മഴ പെയ്യുന്നതിനാൽ അത് രക്ഷാ പ്രവർത്തനത്തെ ബാധിക്കുമോ എന്ന ആശങ്കയും നിലനിൽക്കുന്നുണ്ട്.
അതേസമയം ഗംഗാവലി പുഴയുടെ ഒഴുക്ക് കുറക്കാനുള്ള സാധ്യതയും നാവികസേന പരിശോധിച്ച് വരികയാണ്. വെള്ളം വഴിതിരിച്ച് വിടാൻ തടയണ കെട്ടുന്നതടക്കം പരിശോധിക്കും. ട്രക്ക് കിടക്കുന്ന അവസ്ഥയും സ്ഥാനവും കൃത്യമായി നിർണയിക്കാൻ ഐബോഡ് ഉപയോഗിച്ച് പരിശോധന നടത്തും. പന്ത്രണ്ടരയോടെ ഈ പരിശോധന തുടങ്ങുമെന്നാണ് സൂചന. ഡ്രോൺ ഇപയോഗിച്ച് പ്രവർത്തിക്കുന്ന സ്കാനറിൽ പുഴയ്ക്ക് അടിയിലെ സിഗ്നലും ലഭിക്കും. നോയിഡയിൽ നിന്ന് കേന്ദ്രത്തിന്റെ പ്രത്യേക അനുമതിയോടെയാണ് ഐബോഡെത്തിച്ചത്.
ഐബോഡ് സംവിധാനത്തിന്‍റെ ബാറ്ററികൾ ദില്ലിയിൽ നിന്നും രാജധാനി എക്സ്പ്രസിൽ എത്തിക്കുന്നുണ്ട്. 9:40 ന് ട്രെയിൻ കാർവാർ സ്റ്റേഷനിലെത്തും. കാർവാർ സ്റ്റേഷനിൽ നിന്ന് ഇപ്പോൾ മണ്ണിടിച്ചിലുണ്ടായ സ്ഥലത്തേക്ക് ഒരു മണിക്കൂർ ദൂരമുണ്ട്. ഒന്നര മണിക്കൂറിനുള്ളിൽ ബാറ്ററി എത്തിച്ച ശേഷം അരമണിക്കൂറിനകം ഐബോഡ് ഡ്രോൺ നിരീക്ഷണ സംവിധാനം അസംബിൾ ചെയ്ത് പതിനൊന്നേമുക്കാലോടെ പ്രവർത്തനം തുടങ്ങുമെന്നാണ് ഉദ്യോഗസ്ഥർ സൂചിപ്പിക്കുന്നത്.