രാത്രിയില്‍ മക്കള്‍ക്കൊപ്പം ബൈക്കില്‍ പോയ യുവതിയെയും മക്കളെയും ബൈക്കിലെത്തിയ സംഘം മര്‍ദ്ദിച്ചു

ക്രിസ്മസ് രാത്രിയില്‍ മക്കള്‍ക്കൊപ്പം ബൈക്കില്‍ സഞ്ചരിച്ച യുവതിക്കും മക്കള്‍ക്കും നേരെ ആക്രമണം. മര്‍ദ്ദനമേറ്റ കുറ്റിച്ചല്‍ കല്ലറതോട്ടം ആര്‍.കെ.വില്ലയില്‍ രജിയുടെ ഭാര്യ സുനിത(38) മക്കളായ സൂരജ്(22) സൗരവ്(19)എന്നിവര്‍ ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. ബൈക്കിലെത്തിയ സംഘമാണ് ഇവരെ മര്‍ദ്ദിച്ചത്. അക്രമികളെ കണ്ടെത്താന്‍ ഇതുവരെ പിടികൂടിയിട്ടില്ല.

പേയാടുള്ള കുടുംബ വീട്ടില്‍ പോയി സുനിതയുടെ അമ്മയെ കണ്ടശേഷം മക്കളുമൊത്ത് ബൈക്കില്‍ കുറ്റിച്ചലിലെ വീട്ടിലേക്ക് മടങ്ങുകയായിരുന്നു ഇവര്‍. 11 മണിയോടെ പൂവച്ചലിന് സമീപം മുളമൂട്ടില്‍ വെച്ചാണ് കുടുംബത്തിനു നേരെ ആക്രമണമുണ്ടായത്.

നക്രാംചിറയെത്തിയപ്പോള്‍ പിന്നില്‍ നിന്ന് 2 ബൈക്കുകളില്‍ വന്നവര്‍ അമ്മയെയും മക്കളെയും കൂക്കി വിളിച്ച് അസഭ്യം പറഞ്ഞ് പിന്നാലെ കൂടി. മകന്‍ അവരെ ചോദ്യം ചെയ്തതോടെ പിന്തുടര്‍ന്ന് വന്നവര്‍ അമ്മയെയും മക്കളെയും മര്‍ദ്ദിക്കുകയായിരുന്നു.

Read more

അമ്മയും മക്കളുമാണെന്ന് കരഞ്ഞ് പറഞ്ഞിട്ടും അക്രമികള്‍ മര്‍ദ്ദനം തുടര്‍ന്നു. ഇതിനിടെ അക്രമികള്‍ ഫോണില്‍ കൂടുതല്‍ പേരെ വിളിച്ച് വരുത്തുകയും ചെയ്തു. വിവരമറിഞ്ഞ് പൊലീസെത്തുമ്പോള്‍ അക്രമികള്‍ രക്ഷപ്പെട്ടിരുന്നു.