ആലപ്പുഴയില്‍ പഞ്ചായത്ത് ഉപതിരഞ്ഞെടുപ്പില്‍ വിജയിച്ച യുഡിഎഫ് സ്ഥാനാര്‍ഥിയെ ബൈക്കിലെത്തിയ ആറംഗ സംഘം ആക്രമിച്ചു. മുതുകുളം പഞ്ചായത്ത് നാലാം വാര്‍ഡില്‍ വിജയിച്ച യുഡിഎഫ് സ്വതന്ത്രന്‍ ജി.എസ് ബൈജുവിനാണു മര്‍ദനമേറ്റത്.
ഇന്നലെ രാത്രി എട്ടോടെ കല്ലുംമൂട് ജംക്ഷനു സമീപത്തായിരുന്നു സംഭവം. തിരഞ്ഞെടുപ്പു വിജയത്തില്‍ നന്ദിയറിയിക്കാന്‍ വീടുകള്‍ കയറിയിറങ്ങുകയായിരുന്നു ബൈജു. മൂന്നു ബൈക്കുകളിലായി എത്തിയ ആറംഗ സംഘം ബൈജുവിനെ ഇരുമ്പുപൈപ്പും വലിയ ചുറ്റികയും കൊണ്ട് ആക്രമിക്കുകയായിരുന്നു.
നിലത്തു വീണ ബൈജുവിനെ സമീപവാസികള്‍ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും അവിടെനിന്നു ഡാണാപ്പടിയിലെ സ്വകാര്യ ആശുപത്രിയിലും എത്തിച്ചു. വലതുകാലിന്റെ എല്ലു പൊട്ടിയതിനെത്തുടര്‍ന്ന് ബൈജുവിനെ അടിയന്തര ശസ്ത്രക്രിയയ്ക്കു വിധേയനാക്കി. ഇടതുകൈയിലും സാരമായ പരുക്കുണ്ട്.
മുതുകുളം നാലാം വാര്‍ഡിലെ ബിജെപി അംഗമായിരുന്ന ജി.എസ്.ബൈജു അംഗത്വം രാജിവച്ച് യുഡിഎഫ് പിന്തുണയോടെ വീണ്ടും മത്സരിക്കുകയായിരുന്നു. 103 വോട്ടിനാണ് ബൈജുവിന്റെ വിജയം.
Read more
അക്രമിസംഘത്തിലെ ഒരാളെ മുന്‍പരിചയമുണ്ടെന്നു ബൈജു പറഞ്ഞതായി ഒപ്പമുണ്ടായിരുന്നവര്‍ പറഞ്ഞു. ശസ്ത്രക്രിയ നടക്കുന്നതിനാല്‍ ബൈജുവിന്റെ മൊഴിയെടുക്കാന്‍ കഴിഞ്ഞിട്ടില്ലെന്നും പ്രതികളെ പിടികൂടാന്‍ ശ്രമം തുടങ്ങിയെന്നും കനകക്കുന്ന് പൊലീസ് സ്റ്റേഷന്‍ ഹൗസ് ഓഫിസര്‍ വി.ജയകുമാര്‍ പറഞ്ഞു.