ആലപ്പുഴയിൽ ആരോഗ്യ പ്രവർത്തകയെ തട്ടിക്കൊണ്ടു പോകാൻ ശ്രമം. തൃക്കുന്നപ്പുഴ പാനൂരിന് സമീപം ഇന്നലെ അർദ്ധരാത്രിയോടെ ആണ് സംഭവം. കോവിഡ് ഡ്യൂട്ടി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങിയ ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളജിലെ ആരോഗ്യ പ്രവർത്തകയ്ക്കു നേരെയായിരുന്നു അതിക്രമം. സ്കൂട്ടറിലിടിച്ച് വീഴ്ത്തി ഇവരെ തട്ടിക്കൊണ്ടുപോകാൻ ശ്രമിച്ചത്. യുവതിക്ക് പരിക്കേറ്റിട്ടുണ്ട്.
വണ്ടാനത്തെ മെഡിക്കൽ കോളജിൽ നിന്ന് 17 കിലോ അകലെ തൃക്കുന്നപ്പുഴ പാനൂർ ഭാഗത്തുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോകുകയായിരുന്നു യുവതി. തോട്ടപ്പള്ളി തൃക്കുന്നപ്പുഴ ഭാഗത്തേക്കുള്ള റോഡിൽ പല്ലന ഭാഗത്ത് എത്തിയപ്പോൾ പിന്നാലെ ബൈക്കിലെത്തിയ രണ്ടുപേർ തലക്ക് അടിച്ചുവീഴ്ത്തുകയായിരുന്നു. നിയന്ത്രണം വിട്ട സുബിനയുടെ സ്കൂട്ടർ വൈദ്യുതി തൂണിലിടിക്കുകയും മറിയുകയും ചെയ്തു. തുടർന്ന് ബൈക്കിലെത്തിയവർ സുബിനയുടെ കഴുത്തിന് പിടിച്ച് ബൈക്കിന്റെ നടുവിലിരുത്തി തട്ടിക്കൊണ്ട് കൊണ്ടുപോകാൻ ശ്രമിക്കുകയായിരുന്നു.
എന്നാൽ പൊലീസ് പട്രോളിംഗ് വാഹനം കണ്ടതോടെ ഇവർ രക്ഷപ്പെട്ടു. പ്രതികൾക്കായി പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
Read more
കഴുത്തിന് മുറിവേറ്റതിനാൽ യുവതി മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. രാത്രി അപ്രതീക്ഷിതമായി നടന്ന സംഭവത്തിന്റെ ഷോക്കിലുമാണിവർ.