2024 ലോക്സഭ തിരഞ്ഞെടുപ്പിൽ കോട്ടയത്തെ യുഡിഎഫ് സ്ഥാനാർഥി ഫ്രാൻസിസ് ജോർജ് മത്സരിക്കുക ഓട്ടോറിക്ഷ ചിഹ്നത്തിൽ. തിരഞ്ഞെടുപ്പ് കമ്മീഷനാണ് കേരള കോൺഗ്രസ് ജോസഫ് വിഭാഗത്തിന് ചിഹ്നം അനുവദിച്ചത്. കേരള കോൺഗ്രസ് പിളർന്നതോടെയാണ് ചിഹ്നത്തിന്റെ പ്രശ്നം ഉണ്ടായത്.
ഇത്തവണ കേരള കോൺഗ്രസിന്റെ ഔദ്യോഗിക ചിഹ്നമായ രണ്ടിലയിൽ മത്സരിക്കുക എൽഡിഎഫ് സ്ഥാനാര്‍ത്ഥി തോമസ് ചാഴിക്കാടനാണ്. കഴിഞ്ഞ തവണ തോമസ് ചാഴികാടനായിരുന്നു മണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥി. എന്നാൽ പാര്‍ട്ടി പിളര്‍ന്നതോടെ ജോസ് കെ. മാണിക്കൊപ്പം ചാഴിക്കാടനും ഇടതുമുന്നണിയുടെ ഭാഗമാവുകയായിരുന്നു.
ഇടുക്കി മുൻ എംപിയും കേരള കോൺഗ്രസ് ഡപ്യൂട്ടി ചെയർമാനുമായ ഫ്രാൻസിസ് ജോർജിനെ ഇക്കുറി കോട്ടയം ലോക്സഭാ മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി നേതൃത്വം തിരഞ്ഞെടുക്കുകയായിരുന്നു. കേരള കോൺഗ്രസ് ചെയർമാൻ പി. ജെ. ജോസഫാണ് സ്ഥാനാർഥിയുടെ പേര് പ്രഖ്യാപിച്ചത്.
കേരള കോൺഗ്രസ് സ്ഥാപക ചെയർമാനും മുൻമന്ത്രിയുമായ കെ. എം. ജോർജിൻ്റെ മകനാണ് ഫ്രാൻസിസ് ജോർജ്. 1999ലും 2004ലും ഇടുക്കിയിൽനിന്നുള്ള ലോക്സഭാംഗമായിരുന്നു. സംസ്ഥാനത്ത് ഇരുമുന്നണികളും ആദ്യമായി സ്ഥാനാർഥികളുടെ പേര് പ്രഖ്യാപിച്ച മണ്ഡലമായിരുന്നു കോട്ടയം. കേരള കോൺഗ്രസുകൾ തമ്മിലാണ് ഇവിടെ മത്സരം.