മതേതരത്വമല്ല അവരുടെ ചര്‍ച്ചാകേന്ദ്രം; മുസ്ലിം പ്രശ്‌നമായി മാറ്റി; മനുഷ്യര്‍ കാവിയണിഞ്ഞുതുടങ്ങുന്ന ഭീകര ചിത്രമാണ് കോഴിക്കോട്ട് കണ്ടത്; എസെന്‍സിനെ വിമര്‍ശിച്ച് ഡോ. ആസാദ്

എസെന്‍സ് ഗ്ലോബലിന്റെ പരിപാടിക്ക് പോയതിനെകുറിച്ചുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടിയായി ഡോ. ആസാദ്. എസെന്‍സ് ഗ്ലോബലിന്റെ (ലിറ്റ്മസ് 24) പരിപാടിക്കെതിരെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അദേഹം നിലപാട് വ്യക്തമാക്കിയത്.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

കോഴിക്കോട്ട് ‘സ്വതന്ത്ര ചിന്തകരുടെ മഹാസമ്മേളന’ത്തില്‍ പങ്കെടുക്കാനിടയായി. ‘ഇന്ത്യയില്‍ മതേതരത്വം തകര്‍ച്ചയിലേക്കോ’ എന്ന വിഷയത്തിലുള്ള സംവാദത്തിലേക്കായിരുന്നു ക്ഷണം. എസെന്‍സ് ഗ്ലോബലിന്റെ (ലിറ്റ്മസ് 24) പരിപാടി. ‘സംഘികളുടെ പരിപാടിയാണ്, പോകണോ?’ എന്നൊക്കെ സുഹൃത്തുക്കള്‍ സംശയം പ്രകടിപ്പിച്ചെങ്കിലും സംവാദമല്ലേ പോവാം എന്നാണ് ഞാന്‍ നിലപാടെടുത്തത്.

എനിക്കു പുറമേ സന്ദീപ് വാര്യരും ആരിഫ് ഹുസൈനുമാണുള്ളത്. നാസര്‍ ഫൈസി കൂടത്തായിയുടെ പേര് പോസ്റ്ററില്‍ ഉണ്ടായിരുന്നെങ്കിലും അദ്ദേഹം വന്നില്ല. മനുജ മൈത്രിയായിരുന്നു മോഡറേറ്റര്‍. സന്ദീപ് വാര്യരും ആരിഫ് ഹുസൈനും ഏറെക്കുറെ ഒരേ നിലപാടായിരുന്നു. അവര്‍ പരസ്പരം പൂരിപ്പിച്ചുകൊണ്ടിരുന്നു.

മോഡറേറ്ററും അക്കൂട്ടത്തില്‍ ചേര്‍ന്നു. മതേതരത്വമല്ല അവരുടെ ചര്‍ച്ചാ കേന്ദ്രം. മുസ്ലീം പ്രശ്‌നമായി പെട്ടെന്ന് അതു മാറ്റി. ചോദ്യങ്ങള്‍ അതിലേക്കു കൊണ്ടുവരാനും നേരത്തേ തയ്യാറാക്കിയ ഒരു സ്‌ക്രിപ്റ്റിലേക്ക് സംവാദത്തെ കൊണ്ടുപോയി കെട്ടാനും മോഡറേറ്ററും ഉത്സാഹിച്ചു. വ്യത്യസ്ത നിലപാടുള്ള എനിക്ക് ആവശ്യത്തിന് സമയം തരാതിരിക്കാനും വിവേചനം കാണിക്കാനും അവര്‍ക്ക് മടിയുണ്ടായില്ല. ഹിന്ദുത്വ രാഷ്ട്രീയ പ്രചാരണത്തിന്റെ വേദിയാക്കി സംവാദത്തിന്റെ ജനാധിപത്യ മര്യാദകള്‍ അവര്‍ കാറ്റില്‍ പറത്തി.

നിറഞ്ഞ സദസ്സുണ്ടായിരുന്നു മുന്നില്‍. തുടങ്ങുമ്പൊഴേ സന്ദീപ് വാര്യര്‍ക്കു ലഭിച്ച കയ്യടി അവരില്‍ ഭൂരിപക്ഷത്തിന്റെ രാഷ്ട്രീയ ചായ് വ് പുറത്തുകാട്ടിയിരുന്നു. എസെന്‍സ് ഗ്ലോബലിന്റെ പ്രതിനിധിയുടെ പക്ഷംചേരല്‍ കൂടിയായതോടെ ആ സംഘടനയുടെ രാഷ്ട്രീയം പ്രകടമായി. അവരുടെ രാഷ്ട്രീയം സംവാദത്തില്‍ എനിക്കു വിഷയമല്ല. പക്ഷേ, ജനാധിപത്യ മര്യാദ കാണിക്കാതെ മൂലയില്‍ നിര്‍ത്തുന്ന ഏര്‍പ്പാടിനോട് സഹകരിക്കാന്‍ എനിക്കു മനസ്സുണ്ടായില്ല. അസഹ്യമായ ഘട്ടത്തില്‍ എനിക്ക് ഇറങ്ങിപ്പോരേണ്ടി വന്നു. ഒരു സുഹൃത്ത് സൂചിപ്പിച്ചതുപോലെ ഇറങ്ങിപ്പോരലും ഒരു രാഷ്ട്രീയ ഇടപെടലാണല്ലോ.

കോഴിക്കോടു പരിപാടിയുടെ പോസ്റ്റര്‍ ഒരു വ്യക്തി നിറഞ്ഞു നില്‍ക്കുന്നതായിരുന്നു. അതിനു താഴെയാണ് സ്വതന്ത്ര ചിന്തകരുടെ മഹാ സമ്മേളനം എന്ന് എഴുതിക്കണ്ടത്. ആള്‍ ദൈവങ്ങളെയുണ്ടാക്കുന്ന വ്യക്തിപൂജാ പ്രസ്ഥാനം എങ്ങനെ സ്വതന്ത്ര ചിന്തകരുടേതാകും എന്ന് നേരത്തേ ഞാന്‍ സംഘാടകരോട് ചോദിച്ചിരുന്നു. അവര്‍ക്ക് അതിനു മറുപടിയുണ്ടായില്ല. ഹിന്ദുത്വ മതരാഷ്ട്രവാദവും ഫാഷിസവും എങ്ങനെ, എത്രത്തോളം കേരളത്തിന്റെ ധൈഷണിക ജീവിതത്തിലും പൊതുജീവിതത്തിലും കടന്നു കയറുന്നു എന്ന ഞെട്ടിക്കുന്ന അനുഭവമാണ് ഉണ്ടായത്. മുമ്പ് പുരോഗമന പ്രസ്ഥാനങ്ങളില്‍ കണ്ട പല മുഖങ്ങളും അവിടെയുണ്ടായിരുന്നു എന്നത് വേദനിപ്പിക്കുന്നു. യുക്തിബോധവും ജീവിതവീക്ഷണവും ചോര്‍ത്തപ്പെട്ട മനുഷ്യര്‍ കാവിയണിഞ്ഞുതുടങ്ങുന്ന ഭീകര ചിത്രമാണ് കോഴിക്കോട്ടു കണ്ടത്. എത്തിനോക്കിയത് തെറ്റാണോ എന്നറിയില്ല. ഇറങ്ങിപ്പോന്നതിന്റെ ആശ്വാസം ചെറുതല്ല.

എസെന്‍സ് ഗ്ലോബലിന്റെ പരിപാടിക്ക് പോയത് നന്നായില്ല, എന്നാല്‍ ഇറങ്ങിപ്പോന്നത് നന്നായി എന്ന് പലരും പറഞ്ഞുകേട്ടു. പരിപാടിക്ക് പോകാതെ ഇറങ്ങിപ്പോരുന്നതെങ്ങനെ? പോകാതിരിക്കലും ഇറങ്ങിപ്പോരലും ഒരേപോലെയാണോ? കയറിച്ചെല്ലലും ഇറങ്ങിപ്പോരലും, ‘ജയിച്ചായാലും തോറ്റായാലും’ സംവാദ ജനാധിപത്യത്തിന്റെ സമരവഴിയാണ്. ആരോടുമുള്ള അയിത്തം എന്റെ മുദ്രാവാക്യമല്ല. പോയതുകൊണ്ട് ചില കാര്യങ്ങള്‍ അനുഭവത്തില്‍ അറിഞ്ഞു. തുടര്‍ന്നുള്ള വിചാരങ്ങളിലും ഇടപെടലുകളിലും അത് സഹായകരം.

സംഘപരിവാര നേതാക്കളോടേ ചിലര്‍ സംസാരിക്കൂ. സംവാദത്തില്‍ ഏര്‍പ്പെടൂ. അവര്‍ സംഘപരിവാര നേതാക്കളിലോ ആശയങ്ങളിലോ ആകൃഷ്ടരായും മറ്റും പിന്‍തുടരുന്ന, പിറകില്‍നില്‍ക്കുന്ന അനകരോട് സംവദിക്കുകയില്ല. ഞാനാവട്ടെ നേതാക്കളോട് സംസാരിച്ചു നേരം കളയാനല്ല ഇഷ്ടപ്പെടുന്നത്. താഴെ നില്‍ക്കുന്ന വ്യത്യസ്ത ആശയങ്ങളില്‍ ആകൃഷ്ടരായ ജനവിഭാഗങ്ങളോടു സംസാരിക്കും. സംവാദത്തില്‍ ഏര്‍പ്പെടും. ആശയസമരത്തില്‍ അയിത്തത്തിന് ഇടമില്ല.

വിജയിക്കുന്നിടത്തേ പോകൂ എന്ന് ഒരു സമരത്തിലും നിശ്ചയിക്കാനാവില്ല. ആശയസമരത്തില്‍ ജയവും തോല്‍വിയും അപ്പോള്‍തന്നെ സംഭവിക്കുന്നത് ആവണമെന്നുമില്ല. ആശയസമരം നടക്കുന്നു എന്നതാണ് പ്രധാനം. അതിന് ആശയവും യുക്തിബോധവും ഇല്ലാതെ കഴിയില്ല. തിരുത്താനും സ്വയം പുതുക്കാനുമുള്ള സന്നദ്ധതകൂടിയാണ് സംവാദത്തിലെ പങ്കാളിത്തം.
ആശയസമരത്തില്‍ ഏറ്റുമുട്ടുന്ന പക്ഷങ്ങള്‍ക്ക് മനസ്സിലാകുന്ന പൊതുഭാഷയും പൊതു മര്യാദകളും നിര്‍ബന്ധമാണ്. ജനാധിപത്യ വഴക്കം അതിന് അടിസ്ഥാന നിലയാണ്. അത് ലംഘിക്കുമ്പോള്‍ വിയോജിക്കുന്നതും ഇറങ്ങിപ്പോരുന്നതും സംവാദത്തിലെ ഇടപെടല്‍സ്വാതന്ത്ര്യമാണ്.

Read more

സംവാദങ്ങളില്‍ അഭിപ്രായം പറയുന്നതും പറയാതിരിക്കുന്നതും ചിലത് തുറന്നു കാണിക്കാന്‍ പര്യാപ്തമാവും. ചുറ്റുമുള്ള ലോകം അതിനോടൊക്കെ സൂക്ഷ്മമായി സംവദിക്കുകയും ചെയ്യും. അറപ്പും വെറുപ്പും മാറ്റിനിര്‍ത്തലും സ്വയം ശുദ്ധി ചമയലും സ്വപക്ഷ പൊലിപ്പിക്കലുകളും ജനാധിപത്യ സംവാദത്തിന് ഭീഷണിയാണ്. മാറ്റി നിര്‍ത്തി ഒന്നിനെയും ദുര്‍ബ്ബലമാക്കാനാവില്ല. ഇടപെട്ടും യുക്തികൊണ്ടു പൊരുതിയും ദര്‍ശനത്തിന്റെ കരുത്തു നല്‍കിയും മാത്രമേ മാറ്റിത്തീര്‍ക്കാനാവൂ. അതാണ് ആശയസമരത്തിന്റെ സാംഗത്യം.