ചെക്ക് കേസില്‍ അറസ്റ്റിലായ റോബിന്‍ ബസിന്റെ ഉടമ ബേബി ഗിരീഷിന് കോടതി ജാമ്യം നല്‍കി. 2012 ലെ ചെക്ക് കേസുമായി ബന്ധപ്പെട്ടാണ് ബേബി ഗിരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നത്. മരട് പൊലീസാണ് പത്ത് വര്‍ഷത്തിന് മുമ്പ് എടുത്ത കേസില്‍ ഗിരീഷിനെ അറസ്റ്റ് ചെയ്തിരുന്നത്.
ഇന്ന് രാവിലെ 11.30ന് ആയിരുന്നു കോട്ടയം ഇടമറികിലുള്ള വീട്ടിലെത്തി മരട് പൊലീസ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തത്. 2011 മുതല്‍ കൊച്ചിയിലെ കോടതിയില്‍ നിലനില്‍ക്കുന്ന കേസില്‍ കോടതി വാറണ്ടിന്റെ അടിസ്ഥാനത്തിലാണ് ഗിരീഷിനെ കസ്റ്റഡിയിലെടുത്തതെന്നാണ് പൊലീസിന്റെ വാദം.
അതേ സമയം വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള കേസില്‍ യാതൊരു മുന്നറിയിപ്പോ നോട്ടീസോ നല്‍കാതെയാണ് കോടതി അവധി ദിവസമായ ഇന്ന് ഗിരീഷിനെ അറസ്റ്റ് ചെയ്തത് ദുരൂഹം എന്നാണ് കുടുംബം ഉന്നയിക്കുന്നത്. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുമായുള്ള തര്‍ക്കത്തില്‍ ഗിരീഷിന് സമൂഹമാധ്യമങ്ങളിലടക്കം വലിയ ജനപിന്തുണയാണ് ലഭിച്ചിരുന്നത്. ഇതിന് പിന്നാലെയാണ് വര്‍ഷങ്ങള്‍ക്ക് മുമ്പുള്ള കേസ് പൊടിതട്ടിയെടുത്ത് അറസ്റ്റ് ചെയ്തതെന്നും ശ്രദ്ധേയമാണ്.
കഴിഞ്ഞ ദിവസം, തുടര്‍ച്ചയായി പെര്‍മിറ്റ് ചട്ട ലംഘനം നടത്തുന്നുവെന്ന് കാട്ടി, കോയമ്പത്തൂരില്‍ നിന്ന് പത്തനംതിട്ടയിലേക്ക് വന്ന റോബിന്‍ ബസ് മോട്ടോര്‍വാഹന വകുപ്പ് പിടിച്ചെടുത്തിരുന്നു. ഇതിനെതിരെയുള്ള നിയമനടപടിയുമായി ഗിരീഷ് മുന്നോട്ട് പോകവെയാണ് ഇന്നു അറസ്റ്റ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ ദിവസം റാന്നിയില്‍ നിന്ന് വന്‍ പൊലീസ് സന്നാഹത്തോടെ ബസിനെ പിന്തുടര്‍ന്നെത്തിയാണ് എംവിഡി റോബിനെ പിടിച്ചെടുത്തത്.
തുടര്‍ന്ന് ബസ് പത്തനംതിട്ട എആര്‍ ക്യാംപിലേക്ക് മാറ്റിയിരിക്കുകയാണ്. ഡ്രൈവര്‍മാരുടെ ലൈസന്‍സും വാഹനത്തിന്റെ പെര്‍മിറ്റും റദ്ദാക്കിയേക്കുമെന്നും എംവിഡി അറിയിച്ചിട്ടുണ്ട്. നിയമലംഘനത്തിന് ആഹ്വാനം ചെയ്ത വ്‌ളോഗര്‍മാര്‍ക്കെതിരെയും നടപടിക്കു സാധ്യതയുണ്ട്.
മുന്‍കൂട്ടി ബുക്ക് ചെയ്തിട്ടുള്ള യാത്രക്കാരുമായി ട്രിപ്പ് നടത്താനുള്ള അനുമതി മാത്രമാണ് ഹൈക്കോടതി വിധിയിലൂടെ റോബന്‍ ബസിന് ലഭിച്ചിട്ടുള്ളതെന്നാണ് ഉദ്യോഗസ്ഥര്‍ പറയുന്നത്. ഒരു പ്രത്യേക സ്ഥലത്ത് നിന്ന് ഒരുസംഘം ആളുകളെ കയറ്റുകയും മറ്റൊരു നിശ്ചിത സ്ഥലത്ത് യാത്രക്കാരെ ഇറക്കുകയും ചെയ്യണമെന്നാണ് ഓള്‍ ഇന്ത്യ ടൂറിസ്റ്റ് പെര്‍മിറ്റില്‍ നല്‍കുന്ന നിര്‍ദേശം.
Read more
എന്നാല്‍, വിവിധ പോയിന്റുകളില്‍ നിന്നും യാത്രക്കാരെ കയറ്റുന്നതിലൂടെ നിയമലംഘനം ആവര്‍ത്തിക്കുന്നുവെന്നതാണ് ബസ് പിടിച്ചെടുക്കാന്‍ കാരണമായി പറയുന്നത്. കോയമ്പത്തൂരില്‍നിന്ന് വ്യാഴാഴ്ച വൈകുന്നേരം പുറപ്പെട്ട ബസ് പത്തനംതിട്ട ബസ് സ്റ്റാന്‍ഡില്‍ എത്തുന്നതിന് ഏകദേശം 250 മീറ്റര്‍ മുന്നില്‍ വെച്ചാണ് പിടിച്ചെടുത്തത്. കഴിഞ്ഞ ഏതാനും ദിവസങ്ങളായി റോബിന്‍ ബസിനെതിരേ തുടര്‍ച്ചയായ നടപടികളാണ് കേരളത്തിലെയും തമിഴ്‌നാട്ടിലേയും മോട്ടോര്‍വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ സ്വീകരിച്ചുവരുന്നത്.