തൃശൂരില്‍ കോണ്‍ഗ്രസിന്റെ പരസ്യ പോരിന് വിലക്ക്; മുഖം നോക്കാതെ നടപടിയെന്ന് വികെ ശ്രീകണ്ഠന്‍

തൃശൂര്‍ ജില്ലയിലെ കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ചേരിപ്പോരിനെതിരെ കടുത്ത നിലപാടുമായി ഡിസിസി അധ്യക്ഷന്‍ വികെ ശ്രീകണ്ഠന്‍. പരസ്യ പോരിനും പോസ്റ്റര്‍ പതിക്കുന്നതിനും തൃശൂര്‍ ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്‍ വിലക്കേര്‍പ്പെടുത്തി. ലോക്‌സഭ തിരഞ്ഞെടുപ്പില്‍ തൃശൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി കെ മുരളീധരന്റെ പരാജയത്തിന് ശേഷമാണ് ജില്ലയില്‍ കടുത്ത വിഭാഗീയത ഉടലെടുത്തത്.

തിരഞ്ഞെടുപ്പ് ഫലം വന്നതിന് പിന്നാലെ കെ മുരളീധരനെ അനുകൂലിച്ചും നേതൃത്വത്തെ കുറ്റപ്പെടുത്തിയും ജില്ലയില്‍ വിവിധയിടങ്ങളിലായി പോസ്റ്ററുകളും ഫ്‌ലക്‌സ് ബോര്‍ഡുകളും പ്രത്യക്ഷപ്പെട്ടിരുന്നു. ഇതിനുപുറമേ നേതാക്കളുടെ ഫേസ്ബുക്ക് പോസ്റ്റുകളും വലിയ ചര്‍ച്ചയായിരുന്നു. പ്രതിഷേധങ്ങള്‍ പോസ്റ്ററുകളുടെ രൂപത്തില്‍ ഡിസിസി ഓഫീസിന്റെ മതിലില്‍ ഉള്‍പ്പെടെ പ്രത്യക്ഷപ്പെട്ടിരുന്നു.

Read more

ഇതിന് പിന്നാലെയാണ് ഡിസിസി അധ്യക്ഷ സ്ഥാനത്തേക്ക് ചുമതലയേറ്റ വികെ ശ്രീകണ്ഠന്‍ ജില്ലാ നേതൃത്വത്തിന് കര്‍ശന നിര്‍ദ്ദേശം നല്‍കിയത്. പരസ്പരമുള്ള വിഴുപ്പലക്കലിന് കര്‍ശന വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ കടുത്ത നടപടി സ്വീകരിക്കുമെന്നും ശ്രീകണ്ഠന്‍ വ്യക്തമാക്കി. ഭാരവാഹികളുടെ യോഗത്തില്‍ പങ്കെടുത്ത് സംസാരിക്കുമ്പോഴായിരുന്നു വികെ ശ്രീകണ്ഠന്‍ ഇക്കാര്യം വ്യക്തമാക്കിയത്.