മുക്കത്ത് പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസിന്റെ 'ബീഫ് ഫെസ്റ്റിവല്‍'

കേരള പൊലീസിന്റെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയതില്‍ പ്രതിഷേധവുമായി കോണ്‍ഗ്രസ്. ചൊവ്വാഴ്ച മുക്കം പൊലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ബീഫ് കറിയും ബ്രെഡും വിതരണം ചെയ്തു.

കെപിസിസി ജനറല്‍ സെക്രട്ടറി കെ പ്രവീണ്‍ കുമാറിന്റെ നേതൃത്വത്തിലായിരുന്നു ബീഫ് വിതരണം. മുഖ്യമന്ത്രി പിണറായി വിജയന്റെ സംഘ പരിവാര്‍ അജണ്ടയാണ് പുതിയ നടപടിയിലൂടെ വ്യക്തമായതെന്ന് പ്രവീണ്‍ കുമാര്‍ പറഞ്ഞു.

മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ശേഷം മോദിയുടെ നിര്‍ദ്ദേശ പ്രകാരമാണ് പിണറായി, ലോക്നാഥ് ബെഹ്റയെ പൊലീസ് മേധാവിയാക്കിയത്. ഗുജറാത്ത് കലാപത്തില്‍ മോദിക്കും അമിത് ഷായ്ക്കും ക്ലീന്‍ചിറ്റ് നല്‍കിയ ഉദ്യോഗസ്ഥനാണ് ബെഹ്റ. ഇപ്പോള്‍ പിണറായിയുടെ സമ്മതത്തോടെ ബെഹ്റ സേനയില്‍ സംഘ് ഏജന്റുകളെ തിരുകി കയറ്റുകയാണെന്നും അദ്ദേഹം ആരോപിച്ചു.

അതേ സമയം ക്യാമ്പുകളിലെ മെനുവില്‍ നിന്ന് ബീഫ് ഒഴിവാക്കിയെന്ന പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് നേരത്തെ പൊലീസ് വ്യക്തമാക്കിയിരുന്നു. വിവിധ ബറ്റാലിയനുകളിലുള്ള പുതിയ ബാച്ചിന്റെ പരിശീലനം ശനിയാഴ്ച തുടങ്ങിയിരുന്നു. ഇതിന്റെ ഭാഗമായാണ് സംസ്ഥാനത്തെ എല്ലാ ക്യമ്പുകളിലേക്കും നല്‍കാനായി തൃശൂര്‍ പൊലീസ് അക്കാദമിയില്‍ ഭക്ഷണക്രമം തയാറാക്കിയത്.

സംഭവം മാധ്യമ സൃഷ്ടിയാണെന്നും, ഡയറ്റീഷ്യന്റെ നിര്‍ദ്ദേശപ്രകാരമാണ് ബീഫ് ഒഴിവാക്കിയതെന്നും എഡിജിപി ബി സന്ധ്യ പറഞ്ഞിരുന്നു. ബീഫ് മാത്രമല്ല, മട്ടനും മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടില്ലെന്നും അവര്‍ പറഞ്ഞു.

Read more

നേരത്തെ രാജ്യത്തെ ബീഫ് നിരോധനം വിവാദമായ സമയത്ത് തൃശൂര്‍ പൊലീസ് അക്കാദമിയിലെ കാന്റീനില്‍ ബീഫ് നിരോധിച്ചിരുന്നു. ഐജിയായിരുന്ന സുരേഷ് രാജ് പുരോഹിത് ഏര്‍പ്പെടുത്തിയ നിരോധനം വിവാദമായതോടെ തിരുത്തി. ആഴ്ചയില്‍ രണ്ട് ദിവസമെങ്കിലും ബീഫ് ലഭിച്ചിരുന്ന ഭക്ഷണക്രമമാണ് ഇപ്പോള്‍ വീണ്ടും തിരുത്തിയത്.