കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട; നാല് സ്ത്രീകളടക്കം ആറ് പേര്‍ പിടിയില്‍

കരിപ്പൂര്‍ വിമാനത്താവളത്തില്‍ വൻ സ്വർണവേട്ട. വസ്ത്രത്തിലൊളിപ്പിച്ച് സ്വര്‍ണ്ണം കടത്തിയ 4 സ്ത്രീകളടക്കം 6 പേരെ കസ്റ്റംസ് അറസ്റ്റ് ചെയ്തു. ഇവരിൽ നിന്നും 4.82 കിലോ ഗ്രാം സ്വര്‍ണ്ണം പിടികൂടി. എയര്‍ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് 3.48 കോടി രൂപ വിലവരുന്ന സ്വര്‍ണ്ണം കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്നും പിടികൂടിയത്.

ജിദ്ദയില്‍ നിന്നെത്തിയ മലപ്പുറം കൂരാട് സ്വദേശിയും കോഴിക്കോട് ചോമ്പാല സ്വദേശിയുമാണ് ആദ്യം പിടിയിലായത്. ശരീരത്തില്‍ ഒളിപ്പിച്ച നിലയില്‍ 1.19 കിലോ ഗ്രാം സ്വര്‍ണ്ണം ഇവരില്‍ നിന്നും കണ്ടെടുത്തു. തുടർന്ന് നടത്തിയ പരിശോധനയിൽ കൂടുതൽ കടത്തുകൾ കണ്ടെത്തുകയായിരുന്നു. കസ്റ്റംസ് പരിശോധന കഴിഞ്ഞ് പുറത്തിറങ്ങിയ യാത്രക്കാരില്‍ നിന്നും പൊലീസ് സ്വര്‍ണ്ണം പിടികൂടുന്ന കേസുകള്‍ കൂടിയതിനു പിന്നാലെയാണ് കസ്റ്റംസ് നടപടികള്‍ ഊര്‍ജ്ജിതമാക്കിയത്.

അബുദാബിയില്‍ നിന്നെത്തിയ കുറ്റ്യാടി വേളം സ്വദേശിയായ യുവതിയില്‍ നിന്ന് കണ്ടെടുത്തത് 1.31 കിലോ ഗ്രാം സ്വര്‍ണ്ണമാണ്. അടിവസ്ത്രത്തില്‍ ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കൊണ്ടുവന്നത്. ഷാര്‍ജയില്‍ നിന്നെത്തിയ കോഴിക്കോട് സ്വദേശികളായ മൂന്ന് യുവതികളും പിന്നാലെ പിടിയിലായി. വസ്ത്രത്തിലും ഷൂവിലും ഒളിപ്പിച്ചാണ് ഇവര്‍ സ്വര്‍ണ്ണം കടത്തിയത്. സ്വര്‍ണ്ണക്കടത്ത് സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ക്കായി ഇവരെ കസ്റ്റംസ് ചോദ്യം ചെയ്തു വരികയാണ്.