ശബരിമല വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകണം; ബിന്ദു അമ്മിണിയുടെ ഹർജി ഇന്ന് സുപ്രീംകോടതിയിൽ

ശബരിമല യുവതീ പ്രവേശന വിധി നടപ്പാക്കാൻ സംസ്ഥാന സര്‍ക്കാരിന് നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് നൽകിയ ഹര്‍ജി വേഗത്തിൽ പരിഗണിക്കണമെന്ന് ബിന്ദു അമ്മിണി ഇന്ന് സുപ്രീംകോടതിയിൽ ആവശ്യപ്പെടും. ബിന്ദു അമ്മിണിക്ക് വേണ്ടി മുതിര്‍ന്ന അഭിഭാഷക ഇന്ദിരാ ജയ്‍സിംഗാണ് ഹാ‍ജരാകുക. ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡേ അദ്ധ്യക്ഷനായ കോടതിയിലാകും ഇക്കാര്യം ആവശ്യപ്പെടുക.

ശബരിമലയിൽ ദര്‍ശനത്തിന് പൊലീസ് സുരക്ഷ നൽകാൻ സംസ്ഥാന സര്‍ക്കാരിനോട് നിര്‍ദ്ദേശിക്കണമെന്ന് ആവശ്യപ്പെട്ട് രഹ്ന ഫാത്തിമ നൽകിയ ഹര്‍ജി അടുത്ത ആഴ്ച പരിഗണിക്കാമെന്ന് ബുധനാഴ്ച ചീഫ് ജസ്റ്റിസ് അറിയിച്ചിരുന്നു. ഈ ഹര്‍ജികൾ ഭരണഘടാന ബെഞ്ച് തന്നെ പരിഗണിക്കേണ്ട സാഹചര്യമുണ്ടോ എന്നതിൽ ഈ ആഴ്ച ചീഫ് ജസ്റ്റിസ് തീരുമാനം എടുത്തേക്കും.

ശബരിമല ദർശനത്തിന് തൃപ്തി ദേശായിയുടെ സംഘത്തിനൊപ്പം ചേരാൻ എത്തിയ ബിന്ദു അമ്മിണിക്ക് നേരെ ഹിന്ദു ഹെൽപ്‍ലൈൻ പ്രവർത്തകനായ ശ്രീനാഥ് കുരുമുളകുപൊടി സ്പ്രേ അടിച്ച് ആക്രമിച്ചിരുന്നു. പെട്ടെന്ന് പൊലീസ് ഇടപെട്ട് ബിന്ദു അമ്മിണിയെ വാഹനത്തിലേക്ക് മാറ്റി. ഉടൻ തന്നെ ജനറൽ ആശുപത്രിയിൽ എത്തിച്ചു. പ്രാഥമിക ചികിൽസ നൽകുകയും ചെയ്തു.

Read more

എന്നാൽ തിരികെപ്പോകില്ലെന്നും ശബരിമല ദർശനത്തിനാണ് വന്നതെന്നും ബിന്ദു അമ്മിണി പറഞ്ഞതോടെ സുരക്ഷ നൽകാനാകില്ലെന്ന് പൊലീസും നിലപാടെടുത്തു. ഇതേത്തുടർന്ന് ബിന്ദു അമ്മിണിക്ക് മടങ്ങേണ്ടി വന്നു. ഈ സാഹചര്യത്തിലാണ് ബിന്ദു അമ്മിണി സുപ്രീംകോടതിയെ സമീപിക്കുന്നത്.