ആരോപണം നിഷേധിച്ച് ബിനോയ് കോടിയേരി

തനിക്കെതിരെയുള്ള ആരോപണങ്ങള്‍ നിഷേധിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ മകന്‍ ബിനോയ് കോടിയേരി. എനിക്കെതിരെ യാതൊരു പരാതിയും ദുബായ്‌ കോടതിയിലും പൊലീസിലുമില്ല. പരാതി വ്യാജമാണ്. അതു കൊണ്ട് വിഷയത്തില്‍ പ്രതികരിക്കാനില്ലെന്നു ബിനോയ് കോടിയേരി പറഞ്ഞു.
ദുബായില്‍ പോകുന്നതിനു തനിക്ക് വിലക്കില്ല. ബിസിനസ് പങ്കാളിയുമായി സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നു. 2014 ലെ ഇടപാടാണ് ഇപ്പോള്‍ വിവാദമാകുന്നത്. ഈ ഇടപാടിലെ മുഴുവന്‍ പണവും കൊടുത്ത് തീര്‍ത്തുവെന്നും ബിനോയ് പറഞ്ഞു.

ദുബായില്‍ 13 കോടി രൂപയുടെ പണം തട്ടിച്ചതായിട്ടാണ് കോടിയേരി ബാലകൃഷണന്റെ മകനെതിരെ പരാതി. ദുബായില്‍ ടൂറിസം മേഖലയില്‍ പ്രവര്‍ത്തിക്കുന്ന കമ്പനിയാണ് കോടിയേരിയുടെ മൂത്തമകനായ ബിനോയ് കോടിയേരിക്കെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. കോടിയേരിയുടെ മകന്‍ നല്‍കിയ ചെക്കുകള്‍ മടങ്ങുകയും ബിനോയ് ദുബായ് വിടുകയും ചെയ്ത സാഹചര്യത്തില്‍ ഇന്റര്‍പോളിന്റെ സഹായം തേടാന്‍ ദുബായ് പബ്ലിക് പ്രോസിക്യൂട്ടര്‍ നിര്‍ദേശം നല്‍കിയെന്നാണു കമ്പനി വൃത്തങ്ങള്‍ പറയുന്നത്.

മകന്റെ നടപടിയെക്കുറിച്ച് കോടിയേരിയുമായി ചില ദൂതന്മാര്‍ ചര്‍ച്ച നടത്തിയിരുന്നു. പണം തിരിച്ചു നല്‍കുമെന്ന് അദ്ദേഹം ഉറപ്പു നല്‍കിയെങ്കിലും പിന്നീട് ഒന്നും നടന്നില്ല. ഇതാണ് കേസിലേക്ക് നയിച്ചത്. ഒരു ഔഡി കാര്‍ വാങ്ങുന്നതിന് 3,13,200 ദിര്‍ഹം (53.61 ലക്ഷം രൂപ) ഈടുവായ്പയും ഇന്ത്യ, യുഎഇ, സൗദി അറേബ്യ, നേപ്പാള്‍ എന്നിവിടങ്ങളിലെ ബിസിനസ് ആവശ്യങ്ങള്‍ക്ക് 45 ലക്ഷം ദിര്‍ഹവും (7.7 കോടി രൂപ) കോടിയേരിയുടെ മകന് തങ്ങളുടെ അക്കൗണ്ടില്‍നിന്നു ലഭ്യമാക്കിയെന്നാണ് ദുബായ് കമ്പനിയുടെ പരാതി.