പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന്റെ നാര്‍ക്കോട്ടിക് ജിഹാദ് പരാമര്‍ശത്തെ സുവര്‍ണാവസരമാക്കാന്‍ ബിജെപി തീരുമാനം. കഴിഞ്ഞ ദിവസം കൊച്ചിയില്‍ ചേര്‍ന്ന കോര്‍ കമ്മിറ്റി യോഗം ഇക്കാര്യത്തില്‍ ബിഷപ്പിനെ കണ്ട് പിന്തുണ അറിയിക്കാന്‍ തീരുമാനമെടുത്തിരുന്നു. നേരത്തെ പലതവണ ബിജെപിയും, ആര്‍എസ്എസ്, ഹിന്ദു സംഘടനകള്‍ ഇത്തരം ജിഹാദ് പരാമര്‍ശങ്ങള്‍ നടത്തിയിട്ടുണ്ടെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാല്‍ പാലാ ബിഷപ്പ് ഇക്കാര്യം പറഞ്ഞതോടെ പല തലങ്ങളില്‍ ചര്‍ച്ചയായ സാഹചര്യത്തില്‍ മുതലെടുപ്പു നടത്താമെന്നാണ് ബിജെപിയുടെ ധാരണ.
ഗോവ ഗവര്‍ണറും, മുന്‍ സംസ്ഥാന ബിജെപി അദ്ധ്യക്ഷനുമായ പി എസ് ശ്രീധരന്‍ പിള്ള ബിഷപ്പിനെ ഫോണില്‍ ബന്ധപ്പെട്ടിരുന്നു. പ്രധാനമന്ത്രിക്ക് ഇക്കാര്യം അറിയാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞതാണ്. അമിത്ഷായെ നേരിട്ടെത്തിച്ചും ഇടപെടല്‍ നടത്താനാണ് ബിജെപിയുടെ നീക്കം. ഇതിന്റെ ഭാഗമായാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോര്‍ജ്ജ് കുര്യന്‍ കഴിഞ്ഞ ദിവസം അമിത്ഷായ്ക്ക് കത്തയച്ചതും. പാലാ ബിഷപ്പ് ഹൗസിലേക്ക് മാര്‍ച്ച് നടത്തിയത് മത തീവ്രവാദികളാണെന്നും ഈ സാഹചര്യത്തില്‍ ബിഷപ്പിന് സംരക്ഷണം നല്‍കാന്‍ കേന്ദ്രം ഇടപെടണമെന്നുമായിരുന്നു കത്തിലെ ആവശ്യം.
Read more
സംസ്ഥാന സെക്രട്ടറി കെ സുരേന്ദ്രന്‍, കേന്ദ്രമന്ത്രി വി മുരളീധരന്‍ തുടങ്ങിയ മുതിര്‍ന്ന നേതാക്കള്‍ കല്ലറങ്ങാട്ടിന് പിന്തുണയുമായെത്തി. അതേസമയം ക്രൈസ്തവമേഖലയില്‍ കൂടുതല്‍ ഇടപെടലിനായി ന്യൂനപക്ഷ മോര്‍ച്ചയെ ശക്തിപ്പെടുത്താനും നീക്കം നടക്കുന്നുണ്ട്.