കോഴിക്കോട് കുറ്റ്യാടിയില്‍ പൗരത്വ നിയമത്തെ അനുകൂലിച്ച് നടന്ന റാലിയില്‍ ഉണ്ടായ വിദ്വേഷപരമായ മുദ്രാവാക്യത്തെ തള്ളി ബി.ജെ.പി. ഇത്തരം മുദ്രാവാക്യങ്ങള്‍ പാര്‍ട്ടി നയമല്ലെന്ന് ബി.ജെ.പി സംസ്ഥാന ജനറല്‍ സെക്രട്ടറി എം.ടി രമേശ് പറഞ്ഞു. ആരാണ് മുദ്രാവാക്യം വിളിച്ചത് എന്ന് പരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പ്രകോപനപരമായി മുദ്രാവാക്യം മുഴക്കിയതില്‍ പാര്‍ട്ടി പ്രതിരോധത്തിലായതോടെയാണ് നേതൃത്വം വിശദീകരണവുമായി രംഗത്തെത്തിയത്.
കുറ്റ്യാടിയില്‍ നടത്തിയ പൊതുയോഗത്തില്‍ കടകളടച്ച് വ്യാപാരികള്‍ പ്രതിഷേധിച്ചിരുന്നു. ഇതില്‍ പ്രകോപിതരായാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ വിദ്വേഷപരമായ മുദ്രാവാക്യം വിളിച്ചത്. ‘ഓര്‍മ്മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ’, എന്നിങ്ങനെ വിദ്വേഷ പരാമര്‍ശങ്ങളടങ്ങിയ മുദ്രാവാക്യങ്ങളായിരുന്നു ബിജെപി റാലിയില്‍ മുഴക്കിയത്.
പൗരത്വ നിമയവുമായി ബന്ധപ്പെട്ടുള്ള വിശദീകരണ യോഗങ്ങള്‍ നാട്ടുകാര്‍ ബഹിഷ്കരിച്ചതില്‍ കലിപൂണ്ടാണ് ബിജെപി പ്രവര്‍ത്തകര്‍ കൊലവിളിയോടെ പ്രകടനം നടത്തിയത്. “ഗുജറാത്ത് ഓര്‍മ്മയില്ലേ” എന്നായിരുന്നു ഗുജറാത്തിലെ മുസ്ലിം വംശഹത്യ ഓര്‍മ്മിപ്പിച്ച് പ്രവര്‍ത്തകര്‍ വിളിച്ചത്. സംഭവത്തില്‍ പൊലീസ് കേസെടുത്തിട്ടുണ്ട്.
Read more
തിങ്കളാഴ്ച വൈകീട്ട് പ്രദേശത്ത് നടത്തിയ ദേശരക്ഷാ മാര്‍ച്ചിലാണ് ബിജെപി പ്രവര്‍ത്തകര്‍ പ്രകോപനപരമായ മുദ്രാവാക്യം മുഴക്കിയത്. “രാഷ്ട്രീയമല്ല, രാഷ്ട്രമാണ് വലുത്” എന്ന ആഹ്വാനവുമായിട്ടായിരുന്നു പരിപാടി സംഘടിപ്പിച്ചിരുന്നത്. എന്നാല്‍ “ഓര്‍മ്മയില്ലേ ഗുജറാത്ത്, ഉമ്മപ്പാല് കുടിച്ചെങ്കില്‍ ഇറങ്ങിവാടാ പട്ടികളേ…”എന്നിങ്ങനെയുള്ള വിദ്വേഷം നിറഞ്ഞ മുദ്രാവാക്യങ്ങളാണ് പ്രകടനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ വിളിച്ചത്. എം.ടി രമേശാണ് യോഗം ഉദ്ഘാടനം ചെയ്തത്.