നിലയില്ലാ കയത്തില്‍ മുങ്ങിത്താണ അമ്മയ്ക്കും കുഞ്ഞിനും രക്ഷകനായെത്തിയത് ഏഴാംക്ലാസുകാരന്‍

കുട്ടനാട്: നിലയില്ലാ കയത്തില്‍ വീണ് മരണത്തെ മുഖാമുഖം കണ്ട അമ്മയേയും കുഞ്ഞിനേയും രക്ഷിച്ച് ഏഴാം ക്ലാസുകാരന്‍. കൈനകരി കൈതാരത്തില്‍ സാബുവിന്റെയും കുഞ്ഞു മോളുടെയും മകന്‍ അരുണ്‍ തോമസാണ്(12) കൈനകരി ഒറ്റത്തെങ്ങില്‍ ഒ.പി.സജിത്ത് കുമാറിന്റെ ഭാര്യ കൃഷ്ണപ്രിയ (ശ്രീകല-26), മകള്‍ അപര്‍ണിക (തുമ്പി – 3) എന്നിവരെ രക്ഷിച്ചത്.

ഇന്നലെ ആലപ്പുഴ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടിയ ശേഷം വീട്ടിലേക്ക് മടങ്ങുകയായിരുന്നു സജിത്തും കുടുംബവും. തോടിന്റെ സംരക്ഷണ ഭിത്തിയിലൂടെ നടന്നു വരുമ്പോള്‍ കൃഷ്ണപ്രിയയും അപര്‍ണികയും കാല്‍വഴുതി വെള്ളത്തില്‍ വീഴുകയായിരുന്നു. ഈ സമയം അതുവഴി പോയ അരുണ്‍ മൂത്ത മകള്‍ അനുപ്രിയയുടെ കരച്ചില്‍ കേട്ട് ഓടിയെത്തി.

കൂട്ടുകാരനെ കളിക്കാന്‍ വിളിക്കാന്‍ പോവുകയായിരുന്നു അരുണ്‍. വെള്ളത്തില്‍ മുങ്ങിത്താഴുകയായിരുന്ന അവരെ കണ്ട ഉടന്‍ അരുണ്‍ തോട്ടിലേക്കെടുത്തു ചാടി രക്ഷിക്കുകയായിരുന്നു. ശ്രീകലയ്ക്കു നീന്തല്‍ വശമില്ലായിരുന്നു. ബോട്ട് പോകുന്ന തോട് ആയതിനാല്‍ ആഴക്കൂടുതലും ആയിരുന്നു. ബന്ധുവീട്ടില്‍ വെള്ളം കുടിക്കാന്‍ കയറിയ സജിത്ത് എത്തിയപ്പോഴേക്കും അരുണ്‍ ഇരുവരെയും സുരക്ഷിതമായി കരയ്ക്ക് എത്തിച്ചിരുന്നു

കൈനകരി സെന്റ് മേരീസ് ഹൈസ് സ്‌കൂളിലെ വിദ്യാര്‍ഥിയാണ് അരുണ്‍. സ്‌കൂളിലെ നീന്തല്‍ പരിശീലന ക്യാംപില്‍ സജീവമായിരുന്നു അരുണ്‍.