പൊതുമരാമത്ത് വകുപ്പിന് ചാകര; സംസ്ഥാനത്തെ സുരക്ഷിതമല്ലാത്ത 165 പാലങ്ങള്‍ ഉടന്‍ പൊളിക്കണം

സംസ്ഥാനത്തെ 165 പാലങ്ങള്‍ അപകടഭീഷണിയുയര്‍ത്തുന്നതാണെന്ന് പൊതുമരാമത്ത് വകുപ്പിന്റെ റിപ്പോര്‍ട്ട്. മന്ത്രി ജി.സുധാകരന്റെ നിര്‍ദ്ദേശപ്രകാരം ജില്ലകളിലെ എക്‌സിക്യുട്ടീവ് എന്‍ജിനിയര്‍മാരും നിര്‍മ്മാണച്ചുമതലയുള്ള എന്‍ജിനിയര്‍മാരും നടത്തിയ പരിശോധനയിലാണ് പാലങ്ങളുടെ ശോചനീയാവസ്ഥയെക്കുറിച്ചുള്ള ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍ പുറത്തുവരുന്നത്.

സംസ്ഥാനത്തുടനീളം 2249 പാലങ്ങള്‍ പരിശോധിച്ചതില്‍ 603 പാലങ്ങള്‍ മാത്രമാണ് സുരക്ഷിതയാത്രയ്ക്ക് അനുയോജ്യമായവ. മറ്റു പാലങ്ങളെല്ലാം പുതുക്കിപ്പണിയുകയോ, പൊളിച്ചുപണിയുകയോ വേണം. 165 പാലങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ പൊളിച്ചുപണിയേണ്ടതാണ്. എന്നാല്‍ ബ്രിട്ടീഷുകാരുടെ കാലത്ത് നിര്‍മ്മിച്ച പാലങ്ങള്‍ സുരക്ഷിതമായി നില്‍ക്കുമ്പോഴാണ് അടുത്തകാലത്ത് പൊതുമരാമത്ത് വകുപ്പ് നിര്‍മ്മിച്ച പാലങ്ങള്‍ പോലും ഇപ്പോള്‍ അപകടാവസ്ഥ സൃഷ്ടിക്കുന്നത്. കേരളത്തിലെ ഭൂരിപക്ഷം പാലങ്ങളുടെയും സ്ഥിതി മോശമാണെന്നാണ് വിവരാവകാശപ്രകാരം ലഭിച്ച രേഖകള്‍ വ്യക്തമാക്കുന്നു.

കാലങ്ങളായി കരാറുകാരും ഉദ്യോഗസ്ഥരും പൊതുമരാമത്ത് പണികള്‍ക്കുവേണ്ടിയുള്ള തുക കൊള്ളയടിക്കുന്നതാണ് ഇപ്പോഴത്തെ ശോചനീയാവസ്ഥയ്ക്ക് കാരണമെന്ന് വിവരാവകാശപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. അടിക്കടി അറ്റകുറ്റപ്പണി നടത്തുന്നതിലൂടെ പൊതുഗജനാവിന് ഉണ്ടാകുന്ന നഷ്ടം നികത്താന്‍ കൊള്ളലാഭം കൊയ്യുന്ന ഉദ്യോഗസ്ഥരും കരാറുകാരും ബാധ്യസ്ഥരാണെന്ന് ഇവര്‍ പറയുന്നു.അത്തരക്കാര്‍ക്കെതിരെ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണമെന്നും വിവരാവകാശപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു.