രാജ്യത്തെ ആദ്യ ബിഎസ്എന്‍എല്‍ 4ജി സേവനം ഇടുക്കിയില്‍

ബിഎസ്എന്‍എല്‍ രാജ്യത്ത് ആദ്യമായി 4ജി സേവനം ഒരുക്കുന്നത് ഇടുക്കിയില്ലെന്ന് സൂചന. ഇടുക്കി ജില്ലയിലെ ഉടുമ്പന്‍ചോല താലൂക്കിലാണ് 4ജി സേവനം വരുന്നത്. ബിഎസ്എന്‍എലിന്റെ 3ജി സേവനം പോലും ലഭ്യമല്ലാത്ത ജില്ലയാണ് ഇടുക്കി എന്നതും ശ്രദ്ധേയമാണ്.

താലൂക്കിലെ അഞ്ചിടത്തുള്ള ടവറുകളിലായി പരീക്ഷണ അടിസ്ഥാനത്തില്‍ 4ജി സേവനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നത്. പാറത്തോട്, ചെമ്മണ്ണാര്‍, കല്ലുപാലം, സേനാപതി, ഉടുമ്പന്‍ചോല ടൗണ്‍ എന്നിവിടങ്ങളിലാണ് സേവനം ലഭ്യമാവുക.

റിപ്പബ്ലിക്ക് ദിനം മുതലാണ് ഈ സേവനം ലഭ്യമായി തുടങ്ങുക. നിലവിലുള്ള ടവറില്‍ 4ജി സേവനങ്ങള്‍ ലഭിക്കുന്നതിന് പുതിയ ആന്റിനകളും ബേസ് സ്റ്റേഷന്‍ ട്രാന്‍സ്മിറ്ററും ഘടിപ്പിക്കേണ്ടതുണ്ട്. നിലവിലുള്ള അഞ്ചു ടവറുകളിലും 2ജി സേവനവും തുടരും. എന്നാല്‍ ഇത് സംബന്ധിച്ച ഔദ്യോഗിക അറിയിപ്പുകള്‍ ലഭിച്ചിട്ടില്ല.