രാത്രിയില്‍ ഓടിയെത്തില്ല; കൃത്യസമയം പാലിക്കാനാകില്ല; ആവശ്യപ്പെടുന്ന സ്ഥലത്ത് രാത്രി നിര്‍ത്താനാകില്ല; നയം വ്യക്തമാക്കി കെഎസ്ആര്‍ടിസി

സൂപ്പര്‍ ക്ലാസ് സര്‍വീസ് അടക്കം സ്ത്രീകളും മുതിര്‍ന്ന പൗരന്‍മാരും ഭിന്നശേഷിക്കാരും ആവശ്യപ്പെട്ടാല്‍ ഏതു സ്‌റ്റോപ്പിലും ബസുകള്‍ നിര്‍ത്തണമെന്ന ഉത്തരവ് പാലിക്കാന്‍ സാധ്യമല്ലെന്ന് കെഎസ്ആര്‍ടിസി. ദീര്‍ഘദൂര മള്‍ട്ടി ആക്‌സില്‍ എ.സി സൂപ്പര്‍ ഡീലക്‌സ്, സൂപ്പര്‍ എക്‌സ്പ്രസ് ബസുകളില്‍ ഈ നിര്‍ദേശം നടപ്പാക്കുന്നതിന് പ്രായോഗിക ബുദ്ധിമുട്ടുണ്ട്. കൃത്യസമയം പാലിക്കാനും രാത്രിയില്‍ ഓടിയെത്താനും ഈ നിര്‍ദേശം നടപ്പാക്കിയാല്‍ സാധിക്കില്ലെന്ന് കെഎസ്ആര്‍ടിസി എംഡി മനുഷ്യാവകാശ കമീഷനെ അറിയിച്ചു.

പാലക്കാട്-വാളയാര്‍ റൂട്ടില്‍ പതിനാലാംകല്ലില്‍ ബസുകള്‍ നിര്‍ത്താറില്ലെന്ന് പരാതിപ്പെട്ട് പാലക്കാട് സ്വദേശി മണികണ്ഠന്‍ സമര്‍പ്പിച്ച പരാതിയില്‍ കമീഷന്‍ ആക്ടിങ് ചെയര്‍പേഴ്‌സനും ജുഡീഷ്യല്‍ അംഗവുമായ കെ. ബൈജുനാഥ് ആവശ്യപ്പെട്ട റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്.

വാളയാര്‍-പാലക്കാട് റൂട്ടില്‍ രാത്രികാലങ്ങളില്‍ ഓര്‍ഡിനറി ബസ് സര്‍വിസിനുള്ള സാധ്യത പരിശോധിക്കണമെന്ന് കമീഷന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കെഎസ്ആര്‍ടിസി പാലക്കാട് ജില്ല ട്രാന്‍സ്‌പോര്‍ട്ട് ഓഫിസര്‍ക്കാണ് മനുഷ്യാവകാശ കമീഷന്‍ നിര്‍ദേശം നല്‍കിയത്.