ഹെല്‍മറ്റ് വയ്ക്കാത്തതിന് പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് കാറുടമയ്ക്ക് നോട്ടീസ്. സ്വന്തമായി കാര്‍ മാത്രം ഉള്ളയാള്‍ക്കാണ് ഹെല്‍മറ്റ് വച്ചില്ലെന്ന് കാണിച്ച് മോട്ടോര്‍ വാഹന വകുപ്പ് വിചിത്രമായ നോട്ടീസ് അയച്ചിരിക്കുന്നത്. തിരുവനന്തപുരം വെഞ്ഞാറമ്മൂട് സ്വദേശി എ. അജിത് കുമാറിനാണ് 500 രൂപ പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ട് ഒരാഴ്ച മുമ്പ് നോട്ടീസ് ലഭിച്ചത്. സംഭവത്തില്‍ മോട്ടോര്‍ വാഹന വകുപ്പിന് പരാതി നല്‍കാന്‍ ഒരുങ്ങുകയാണ് യുവാവ്.
ക്യാമറയില്‍ പതിഞ്ഞ ബൈക്കിന്റെ ചിത്രം സഹിതമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. കാറിന്റെ രജിസ്ട്രേഷന്‍ നമ്പറിന്റെ വിലാസത്തിലാണ് നോട്ടീസ് അയച്ചിരിക്കുന്നത്. നോട്ടീസിലും കാര്‍ ആണെന്ന് വ്യക്തമാക്കുന്നുണ്ട്. എന്നിട്ടും പിഴ അടയ്ക്കാന്‍ ആവശ്യപ്പെട്ടിരിക്കുന്നത് ഹെല്‍മറ്റ് വയ്ക്കാത്തതിനാണ്. നോട്ടീസില്‍ കാണിച്ചിരിക്കുന്ന പേരും വിലാസവും വാഹന നമ്പറും അജിത്തിന്റേത് തന്നെയാണ്. എന്നാല്‍ ചിത്രത്തില്‍ ഉള്ളത് ബൈക്കാണ്.
കെ.എല്‍ 21 ഡി 9877 ആണ് അജിത്തിന്റെ കാറിന്റെ നമ്പര്‍. നോട്ടീസിലെ ചിത്രത്തിലേത് 9811 എന്നാണ്. അത് തെറ്റിദ്ധരിച്ചാവാം നോട്ടീസ് മാറി വന്നതെന്നാണ് കരുതുന്നത്.
Read more
2021 ഡിസംബര്‍ 7 ലെ നിയമലംഘനത്തിന്റ പിഴയുടെ നോട്ടീസാണ് വന്നിരിക്കുന്നത്. സംഭവത്തില്‍ ഉടനെ പരാതി നല്‍കാനാണ് തീരുമാനം. വീടിനടുത്തുള്ള സിമന്റ് കടയിലാണ് അജിത് ജോലി ചെയ്യുന്നത്.