നടിയെ ആക്രമിച്ച കേസ്; ജാമ്യം തേടി പള്‍സര്‍ സുനി സുപ്രീംകോടതിയില്‍

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ജാമ്യം തേടി സുപ്രീം കോടതിയെ സമീപിച്ചു. കേസില്‍ ഒന്നാം പ്രതിയാണ് പള്‍സര്‍ സുനി. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടര്‍ന്നാണ് സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്. കേസില്‍ തുടര്‍ അന്വേഷണം നടക്കുന്നതിനാല്‍ വിചാരണ ഉടന്‍ അവസാനിക്കാന്‍ സാധ്യതയില്ലെന്നും, മറ്റ് പ്രതികള്‍ക്കെല്ലാം ജാമ്യം ലഭിച്ചെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാണിക്കുന്നു. അതിനാല്‍ ജാമ്യം അനുവദിക്കണമെന്നാണ് ഹര്‍ജിക്കാരന്റെ വാദം.

നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഒഴികെ മറ്റെല്ലാവര്‍ക്കും ജാമ്യം ലഭിച്ചിട്ടുണ്ട്. നാലാം പ്രതിയായ വിജീഷിന് ഹൈക്കോടതി കഴിഞ്ഞ ദിവസമാണ് ജാമ്യം നല്‍കിയത്. കേസില്‍ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാതെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാല്‍ ജാമ്യം നല്‍കണമെന്ന ഹര്‍ജിക്കാരന്റെ വാദം കോടതി അംഗീകരിക്കുകയായിരുന്നു.

നടി ആക്രമിക്കപ്പെട്ടപ്പോള്‍ സുനിയോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ആളാണ് വിജീഷ്. പള്‍സര്‍ സുനി ഇപ്പോഴും ജയിലിലാണ്.

അതേസമയം അന്വഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തിയെന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളിയിരുന്നു.

Read more

സാക്ഷിയായ സാഗര്‍ വിന്‍സെന്റിന്റെ ഹര്‍ജിയാണ് തള്ളിയത്. കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് ഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.