'സിബിഐ കൂട്ടിലടച്ച തത്ത'; നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് എം വി ഗോവിന്ദൻ

എഡിഎം നവീൻ ബാബുവിന്റെ മരണത്തിൽ സിബിഐ അന്വേഷണം വേണ്ടെന്ന് സിപിഎം സംസ്ഥ സെക്രട്ടറി എം വി ഗോവിന്ദൻ. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള നവീൻ ബാബുവിന്റെ കുടുംബത്തിന്റെ പരാതി തള്ളി. പാർട്ടി നവീൻ്റെ കുടുംബത്തിന് ഒപ്പമാണെന്നും എംവി ​ഗോവിന്ദൻ ആവർത്തിച്ചു. എന്നാൽ സിബിഐ അന്വേഷണത്തെ കുറിച്ച് വ്യക്തമായ ധാരണ പാർട്ടിക്ക് ഉണ്ട്. ഈ നിലപാടിൽ മാറ്റമില്ല. സിബിഐ കൂട്ടിൽ അടച്ച തത്തയാണെന്നും എംവി ​ഗോവിന്ദൻ പറഞ്ഞു.

അതേസമയം എഡിഎം നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ കേസ് ഡയറി സമർപ്പിക്കണമെന്ന് ഹൈകോടതി നിർദേശം നൽകിയിട്ടുണ്ട്. അടുത്ത മാസം 6ന് കേസ് ഡയറി ഹാജരാക്കണമെന്നാണ് കോടതി നിർദേശം. അന്വേഷണ ചുമതലയുള്ള ഉദ്യോഗസ്ഥൻ സത്യവാങ്മൂലം നൽകണമെന്നും കോടതി നിർദേശിച്ചു. അതേസമയം സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ 9ന് കോടതി വിശദമായ വാദം കേൾക്കും.

നവീൻ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട കേസിൽ സിബിഐ അന്വേഷണം വേണമെന്നാണ് നവീൻ ബാബുവിന്റെ കുടുംബത്തിന്റെ ആവശ്യം. പ്രതി എങ്ങനെയാണ് അന്വേഷണത്തെ സ്വാധീനിക്കുന്നതെന്ന് സംശയിക്കുന്നതെന്ന് കോടതി ചോദിച്ചു. എസ് ഐ ടി അന്വേഷണം പേരിന് മാത്രമാണെന്ന് നവീൻ ബാബുവിന്റെ ഭാര്യ മഞ്ജുഷ കോടതിയിൽ പറഞ്ഞു. പ്രതി രാഷ്ട്രീയ സാഹചര്യമുള്ള ആളാണെന്നും മഞ്ജുഷ പറഞ്ഞു. അതേസമയം വാദം പൂർത്തിയാകുംവരെ സത്യവാങ്മൂലം നൽകരുതെന്നും ഹർജിക്കാരി പറഞ്ഞു.

ഹര്‍ജിയില്‍ തീരുമാനമാകും വരെ കുറ്റപത്രം പ്രതിക്ക് നല്‍കരുതെന്നും നവീന്‍ ബാബുവിന്‍റെ ഭാര്യ കോടതിയോട് അവശ്യപ്പെട്ടു. പ്രതി രാഷ്ട്രീയ സ്വാധീനമുള്ള വിവിധ പദവികളും ചുമതലകളും വഹിക്കുന്ന ആളാണ്. കുറ്റപത്രത്തില്‍ വരുന്നത് കെട്ടിച്ചമച്ച് തെളിവുകളാകുമെന്നാണ് ഹര്‍ജിക്കാരിയുടെ വാദം. പ്രതി എങ്ങനെ അന്വേഷണത്തെ സ്വാധീനിച്ചുവെന്നാണ് സംശയിക്കുന്നതെന്ന് കോടതി ചോദിച്ചു. എസ്‍ഐടി അന്വേഷണം പേരിന് മാത്രമെന്നായിരുന്നു മഞ്ജുഷയുടെ വാദം. പ്രത്യേക അന്വേഷണ സംഘം പേരിനുമാത്രമാണെന്ന് മഞ്ജുഷ കോടതിയില്‍ പറഞ്ഞു. സിബിഐ അന്വേഷണമോ അല്ലെങ്കില്‍ ക്രൈബ്രാഞ്ച് അന്വേഷണമെങ്കിലും വേണമെന്നാണ് കുടുംബത്തിന്‍റെ ആവശ്യം.