ഇവിഎം വിരുദ്ധ സമരവുമായി മഹാവികാസ് അഘാഡി; 'ബിജെപി ഹാക്കിങില്‍ നിന്ന് രക്ഷയ്ക്ക് അമേരിക്കയിലെ പോലെ ബാലറ്റ് പേപ്പര്‍ തിരിച്ചുവരണം'

മഹാരാഷ്ട്രയില്‍ പോള്‍ ചെയ്ത വോട്ടിനേക്കാള്‍ അഞ്ച് ലക്ഷം വോട്ടുകള്‍ അധികമെണ്ണിയെന്ന വാര്‍ത്ത പുറത്തുവന്നതോടെ വീണ്ടും ഇവിഎം ഹാക്കിംഗ് ചര്‍ച്ചയാവുകയാണ്. മഹാരാഷ്ട്രയില്‍ ബിജെപിയുടെ വന്‍ വിജയത്തില്‍ പുകഞ്ഞു കത്തുന്ന മഹാവികാസ് അഘാഡി രാജ്യവ്യാപകമായ പ്രതിഷേധത്തിന് ാെരുങ്ങുകയാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനില്‍ കൃത്യമം കാട്ടിയാണ് ബിജെപി വന്‍ തിരഞ്ഞെടുപ്പുകളില്‍ വിജയം നേടുന്നതെന്നാണ് പ്രതിപക്ഷ സഖ്യത്തിന്റെ ആക്ഷേപം. അതിനിടയിലാണ് മഹാരാഷ്ട്രയില്‍ പോള്‍ ചെയ്തതിനേക്കാള്‍ കൂടുതല്‍ വോട്ടെണ്ണിയെന്ന തരത്തില്‍ കണക്കുകള്‍ ഉദ്ധരിച്ചുള്ള വാര്‍ത്ത പുറത്തുവന്നത്. നവംബര്‍ 23ന് ഫലപ്രഖ്യാപനം നടന്ന മഹാരാഷ്ട്രയിലെ വോട്ടര്‍മാരുടെ ഡാറ്റ വിശകലനം ചെയ്തപ്പോഴാണ് നിയമസഭാ തിരഞ്ഞെടുപ്പില്‍ എണ്ണിയ വോട്ടുകളും പോള്‍ ചെയ്ത വോട്ടുകളും തമ്മില്‍ പൊരുത്തക്കേടുണ്ടെന്ന റിപ്പോര്‍ട്ട് പുറത്തുവന്നത്.

പലകുറിയായി സംശയ നിഴലിലാകുന്ന ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ മാറ്റി ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്ന ആവശ്യമാണ് ഇതോടെ ശക്തമാകുന്നത്. അമേരിക്കയടക്കം സാങ്കേതികതയുടെ ഏറ്റവും ഉയരെ നില്‍ക്കുന്ന രാജ്യങ്ങളില്‍ പോലും ഇന്നും ബാലറ്റ് പേപ്പറുകളാണ് തിരഞ്ഞെടുപ്പിന് ഉപയോഗിക്കുന്നത്. ഇത് ചൂണ്ടിക്കാട്ടിയാണ് പ്രതിപക്ഷം ബാലറ്റ് പേപ്പറിലേക്ക് തിരികെ പോകണമെന്ന ആവശ്യം ഉന്നയിക്കുന്നത്. വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളില്‍ ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാനായി ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് കോണ്‍ഗ്രസ് പാര്‍ട്ടി നേതൃത്വം നല്‍കുമെന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പറയുകയും ചെയ്തു. ഇനി ഇവിഎമ്മുകള്‍ വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ വരണമെന്നും ഡല്‍ഹിയിലെ തല്‍ക്കത്തോറ സ്റ്റേഡിയത്തില്‍ കോണ്‍ഗ്രസ് സംഘടിപ്പിച്ച ഭരണഘടനാ ദിന പരിപാടിയില്‍ സംസാരിക്കവെയാണ് ഖാര്‍ഗെ പറഞ്ഞത്.

കോണ്‍ഗ്രസും ഉദ്ധവ് താക്കറെയുടെയും ശരദ് പവാറിന്റെയും നേതൃത്വത്തിലുള്ള ശിവസേന, എന്‍സിപി വിഭാഗങ്ങളും ബാലറ്റ് പേപ്പറുകളിലേക്ക് മടങ്ങാന്‍ ആവശ്യപ്പെട്ട് കോടതിയെ സമീപിക്കാനും പദ്ധതിയിടുന്നുണ്ട്. പ്രതിപക്ഷ പാര്‍ട്ടികളുടെ നാളുകളായുള്ള ആശങ്ക പരിഹരിക്കാന്‍ നിയമവിദഗ്ധരുമായി ഉദ്ദവും ശരദ് പവാറും സംസാരിക്കുന്നുണ്ട്. എന്‍സിപി മഹാരാഷ്ട്രയുടെ ചരിത്രത്തിലെ തങ്ങളുടെ ഏറ്റവും ദയനീയ വോട്ടിംഗ് ചരിത്രത്തിലാണ് നിലവിലുള്ളത്. വിവിപാറ്റ് പരിശോധിക്കണമെന്ന ആവശ്യവും പാര്‍ട്ടി നേതാക്കള്‍ക്കുണ്ട്.

ഹരിയാന തിരഞ്ഞെടുപ്പിലെ പരാജയ സമയത്തും പ്രതിപക്ഷം ഇവിഎമ്മിനെതിരെ രംഗത്ത് വന്നിരുന്നു. അമേരിക്കയിലെ പോലെ ബാലറ്റിലേക്ക് തിരിച്ചു പോകണമെന്നാണ് കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന ഖാര്‍ഗെ പറഞ്ഞത്. പക്ഷേ ഈ പരാതികളെല്ലാം സുപ്രീം കോടതി ഏപ്രിലില്‍ ഇവിഎം മെഷീനെ അനുകൂലിച്ച് വിധി വന്നതിന് ശേഷവും തുടരുന്നുവെന്നതാണ് നിലവിലെ സ്ഥിതി. പ്രതിപക്ഷം വിജയിക്കുമ്പോള്‍ ഇവിഎമ്മിനെ കുറിച്ച് പരാതിയില്ലല്ലോ എന്നാണ് അന്ന് സുപ്രീം കോടതി ചോദിച്ചത്. ബിജെപി നേതാക്കളും സമാന ചോദ്യമാണ് ചോദിക്കുന്നത്. എന്തായാലും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരാനായി ഭാരത് ജോഡോ യാത്ര പോലെ വലിയ മുന്നേറ്റത്തിന് കളമൊരുക്കാന്‍ തയ്യാറെടുക്കുകയാണ് കോണ്‍ഗ്രസും ഇന്ത്യ മുന്നണിയും.