"ഫയൽ ഹാജരാക്കാൻ പറഞ്ഞ കോടതിയുടെ വിരട്ട് ഏറ്റു, കേന്ദ്രം വാക്‌സിൻ നയം മാറ്റി"

കേന്ദ്രത്തിന്റെ കോവിഡ് നയവുമായി ബന്ധപ്പട്ട ഫയൽ ഹാജരാക്കാൻ പറഞ്ഞ സുപ്രീംകോടതിയുടെ വിരട്ട് ഏറ്റുവെന്നും അതിനാലാണ് കേന്ദ്ര സർക്കാർ വാക്‌സിൻ നയം മാറ്റിയതെന്നും അഭിഭാഷകൻ ഹരീഷ് വാസുദേവൻ. രാജ്യത്തെ കോവിഡ് വാക്സിന്‍ നയം പരിഷ്‌കരിക്കുകയാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് പ്രഖ്യാപിച്ചിരുന്നു. ജൂണ്‍ 21 മുതല്‍ പതിനെട്ട് വയസ്സിന് മുകളില്‍ പ്രായമുള്ള എല്ലാവര്‍ക്കും സൗജന്യമായി വാക്സിന്‍ വിതരണം ചെയ്യുമെന്ന് പ്രധാനമന്ത്രി വ്യക്തമാക്കി.

ഇതുവരെ വാങ്ങിയ കോവിഡ് വാക്സിനുകളുടെ മുഴുവന്‍ വിശദാംശങ്ങളും ഹാജരാക്കാന്‍ കേന്ദ്ര സര്‍ക്കാരിനു സുപ്രീംകോടതി നേരത്തെ നിര്‍ദേശം നൽകിയിരുന്നു. കോവാക്സിന്‍, കോവിഷീല്‍ഡ്, സ്പുട്നിക് വാക്സിനുകളുടെ മുഴുവന്‍ വിശദാംശങ്ങള്‍ കൈമാറണം. വാക്‌സിനേഷന്‍ നയവുമായി ബന്ധപ്പെട്ട പ്രസക്തമായ എല്ലാ രേഖകളും ഫയല്‍ കുറിപ്പുകളും രേഖപ്പെടുത്തണമെന്നുമാണ് കോടതി നിര്‍ദേശിച്ചിരുന്നത്. ഇനിനു പിന്നലെയാണ് രാജ്യത്തെ എല്ലാവർക്കും വാക്‌സിൻ സൗജന്യമാക്കി കൊണ്ടുള്ള മോദിയുടെ പ്രഖ്യാപനം വരുന്നത്.

കോവിഡ് -19 സംബന്ധിച്ച വിഷയങ്ങളില്‍ സ്വമേധയാ വാദം കേള്‍ക്കുന്നതിനിടെയായിരുന്നു കോടതിയുടെ നിർദേശം. രാജ്യത്തെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിക്കുന്നതിനായി വാക്‌സിന്‍ നയത്തിൽ മാറ്റങ്ങള്‍ വരുത്തി, എല്ലാവർക്കും വാക്‌സിൻ ഉറപ്പാക്കണമെന്ന് കോടതി കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു.

ഹരീഷ് വാസുദേവന്റെ കുറിപ്പ്:

ആ ഫയൽ ഹാജരാക്കാൻ പറഞ്ഞ സുപ്രീംകോടതിയുടെ വിരട്ട് ഏറ്റു. കേന്ദ്രവാക്‌സിൻ നയം മാറ്റി. 18 വയസ്സിനു മുകളിൽ എല്ലാവർക്കും സൗജന്യ വാക്‌സിൻ. ഓരോ നയതീരുമാനത്തിന്റെയും പിന്നിലെ ഫയലും കോടതി ഇതുപോലെ ചോദിച്ചാൽ ഫ്രാഡ് പോളിയും.