ഓഖി മുന്നറിയിപ്പ് നേരത്തേ നൽകിയിരുന്നു; മുഖ്യമന്ത്രിയെ തള്ളി കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി രൂപപ്പെട്ട ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നേരത്തെ നൽകിയിരുന്നതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. മുന്നറിയിപ്പ് ലഭിച്ചത് 30 ന് എന്ന വാദം ശരിയല്ല. ഓഖി ചുഴലിക്കാറ്റ് സംബന്ധിച്ച മുന്നറിയിപ്പ് നൽകിയത് നവംബർ 29 ന് തന്നെയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.

പ്രത്യേക അറിയിപ്പായി നൽകിയതാണ്, അതിനുശേഷം കേരള ചീഫ് സെക്രട്ടറിയെ ഫോണിൽ വിളിച്ചും അറിയിച്ചതാണ്. ചുഴലിക്കാറ്റ് സംബന്ധിച്ച് 30 നാണ് മുന്നറിയിപ്പ് ലഭിച്ചതെന്ന് ഇന്ന് രാവിലെ മന്ത്രിസഭാ യോഗത്തിന് ശേഷം മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ പറഞ്ഞിരുന്നു. എന്നാൽ ഈ വാദം പാടെ തള്ളിക്കൊണ്ടായിരുന്നു കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം രംഗത്ത് വന്നത്.

മത്സ്യ തൊഴിലാളികൾക്കും, സർക്കാരിനും മുന്നറിയിപ്പ് നൽകിയതാണ്. മൂന്ന് മണിക്കൂറുകൾ ഇടവിട്ട് കൃത്യമായ മുന്നറിയിപ്പുകളും നിർദേശങ്ങളും നൽകിയിരുന്നതായി അവർ വ്യക്തമാക്കി. കേരളത്തിന് തിരിച്ചടിയായത് പരിചയക്കുറവെന്നും കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്ര വിഭാഗം അധികൃതർ പറഞ്ഞു.