മലപ്പുറത്തെ മുസ്ലീംങ്ങള്‍ക്കെതിരെ കേന്ദ്രമന്ത്രി; 'മുസ്ലീം ജനസംഖ്യ ഉയരുന്നത് ഭീഷണി'

മലപ്പുറത്തെക്കുറിച്ച് വിവാദ പ്രസ്താവനയുമായി കേന്ദ്രമന്ത്രി ഗിരിരാജ് സിംഗ്. എവിടെയൊക്കെ മുസ്ലീം ജനസംഖ്യ ഉയരുകയും ഹിന്ദു ജനസംഖ്യ താഴുകയും ചെയ്തിട്ടുണ്ടോ അവിടെയൊക്കെ സാമൂഹ്യ സുരക്ഷിതത്വം ഭീഷണിയിലായിട്ടുണ്ടെന്ന് മലപ്പുറം ഉള്‍പ്പെടെുയുള്ള സ്ഥലങ്ങളെ ഉദാഹരണമാക്കി ഗിരിരാജ് സിംഗ് പറഞ്ഞു.

എവിടെയൊക്കെ ഹിന്ദുക്കളുടെ ജനസംഖ്യ താഴ്ന്നിട്ടുണ്ടോ അവിടെയൊക്കെ സാമൂഹ്യ സുരക്ഷിതത്വത്തിന് കുഴപ്പങ്ങള്‍ ഉണ്ടായിട്ടുണ്ട്. മുസ്ലീം ജനസംഖ്യ ഉയരുന്നത് വികസനത്തിനും സൗഹാര്‍ദത്തിനും പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നുവെന്ന് മന്ത്രി ആരോപിച്ചു. കേരളത്തിലെ മലപ്പുറത്താണെങ്കിലും ബീഹാറിലെ കിഷന്‍ ഗഞ്ചിലാണെങ്കിലും ഉത്തര്‍ പ്രദേശിലാണെങ്കിലും റാണി സാഗര്‍ ബോജ്പുര്‍ ജില്ലയിലാണെങ്കിലും ഇതാണ് അവസ്ഥയെന്ന് ഗിരിരാജ് സിംഗ് കുറ്റപ്പെടുത്തി.

Read more

മുസ്ലീം സമുദായത്തിനെതിരെ വിചിത്ര പ്രസ്താവനയുമായി മറ്റൊരു ബിജെപി നേതാവ് രംഗത്തെത്തിയതിന് പിന്നാലെയാണ് മന്ത്രിയുടെ മുസ്ലീം വിരുദ്ധ പരാമര്‍ശം. ജനസംഖ്യ വര്‍ധിപ്പിച്ച് രാജ്യം പിടിച്ചടക്കാനുള്ള ശ്രമമാണ് മുസ്ലീങ്ങള്‍ ചെയ്യുന്നതെന്നായിരുന്നു രാജസ്ഥാനിലെ ബിജെപി എംഎല്‍എ ബന്‍വാരി ലാല്‍ സിംഗാളിന്റെ ആരോപണം. മുസ്ലീംങ്ങള്‍ നിയമനിര്‍മാണപദവികളിലെത്തിയാല്‍ ഹിന്ദുക്കള്‍ രണ്ടാംകിട പൗരന്മാരാകുമെന്നും ബന്‍വാരി ലാല്‍ ആരോപിച്ചിരുന്നു.