ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

ലൈംഗിക പീഡന വിവാദവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ജെഡിഎസ് നേതാവും എംപി പ്രജ്വല്‍ രേവണ്ണയുടെ പിതാവുമായ എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ നീട്ടി. വീട്ടുജോലിക്കാരിയെ തട്ടിക്കൊണ്ടുപോയ കേസിലാണ് നടപടി. ജോലിക്കാരിയുടെ മകന്റെ പരാതിയില്‍ മെയ് 4ന് ആയിരുന്നു രേവണ്ണയെ അറസ്റ്റ് ചെയ്തത്.

മൈസൂരുവില്‍ നിന്ന് ജോലിക്കാരിയെ രേവണ്ണയുടെ സഹായി സതീഷ് ബാവണ്ണ തട്ടിക്കൊണ്ടുപോയെന്നായിരുന്നു പരാതി. അഞ്ച് ദിവസങ്ങള്‍ക്ക് ശേഷമാണ് രേവണ്ണയുടെ പേഴ്‌സണല്‍ അസിസ്റ്റന്റ് രാജ്‌ശേഖറിന്റെ ഫാം ഹൗസില്‍ നിന്ന് തട്ടിക്കൊണ്ടുപോയ സ്ത്രീയെ കണ്ടെത്തിയത്. രേവണ്ണയുടെ സഹായികള്‍ തട്ടിക്കൊണ്ടുപോയ സ്ത്രീ പ്രജ്വല്‍ രേവണ്ണയ്‌ക്കെതിരെ ലൈംഗിക പീഡന പരാതി നല്‍കിയിട്ടുണ്ട്.

അതേസമയം പ്രജ്വല്‍ രേവണ്ണ ഉടന്‍ മടങ്ങി വരില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഞായറാഴ്ച മുതല്‍ എയര്‍പോര്‍ട്ടുകളില്‍ കര്‍ണാടക പൊലീസ് രേവണ്ണയ്ക്കായി നിരീക്ഷണം ശക്തമാക്കിയിരുന്നു. തിങ്കളാഴ്ച രേവണ്ണ മടങ്ങിയെത്തുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

മെയ് 13ന് ശേഷം മാത്രമേ പ്രജ്വല്‍ രേവണ്ണ ഇന്ത്യയിലേക്ക് തിരികെ വരൂ എന്നാണ് പുതിയ റിപ്പോര്‍ട്ടുകള്‍. നാലാംഘട്ട തിരഞ്ഞെടുപ്പിന് ശേഷം തിരികെ വരാനാണ് രേവണ്ണയുടെ പദ്ധതിയെന്നാണ് വിവരം. മെയ് 13ഓടെ ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പ് പൂര്‍ത്തിയാകും. കര്‍ണാടകയിലെ ഒന്നാംഘട്ട തിരഞ്ഞെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് രേവണ്ണ രാജ്യം വിട്ടത്.