മഴ മുന്നറിയിപ്പിൽ മാറ്റം; സംസ്ഥാനത്ത് ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് കൂടുതൽ ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, എറണാകുളം, ഇടുക്കി, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് എന്നീ ജില്ലകളിലാണ് ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. തിരുവനന്തപുരം, കൊല്ലം ഒഴികെയുള്ള മറ്റ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടാണ്. വയനാടും കണ്ണൂരും നാളെയും ഓറഞ്ച് അലർട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, കാസർകോട് എന്നീ ജില്ലകളില്‍ നാളെ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ശക്തമായ മഴയിലും കാറ്റിലും സംസ്ഥാനത്ത് കനത്ത നാശം തുടരുകയാണ്. തീരപ്രദേശങ്ങളിലുള്ളവർ ജാ​ഗ്രത പാലിക്കണമെന്നും മുന്നറിയിപ്പുണ്ട്.

ജലനിരപ്പ് ഉയരുന്നതിനാൽ അഞ്ച് നദികളിൽ കേന്ദ്ര ജല കമ്മീഷൻ പ്രളയ മുന്നറിയിപ്പ് നൽകി. മഴക്കെടുതിയിൽ റവന്യു മന്ത്രി കലക്ടർമാരുടെ യോഗം വിളിച്ചു. വരും ​ദിവസങ്ങളിൽ മഴയുടെ ശക്തി ഉയരാനുള്ള സാധ്യതയുള്ളതിനാൽ മുൻകരുതലുകളെടുക്കാനാണ് യോ​ഗം വിളിച്ചത്.