പ്രശസ്ത ഗായിക വാണി ജയറാമിന്റെ നിര്യാണത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ അനുശോചിച്ചു. ഭാവാത്മകമായ ആലാപനത്തിലൂടെ സംഗീതാസ്വാദകരുടെ മനസ്സില്‍ മായാത്ത ഇടം നേടിയ പ്രതിഭയാണ് വാണി ജയറാമെന്ന് അദ്ദേഹം പറഞ്ഞു. മലയാള ഭാഷ അതിന്റെ തനിമയോടെ ഉച്ചരിക്കുന്നതില്‍ വാണി ജയറാം കാട്ടിയ ശ്രദ്ധ പില്‍ക്കാല ഗായകര്‍ക്കൊക്കെയും മാതൃകയാണെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഗാനാലാപനത്തിനുള്ള ദേശീയ അവാര്‍ഡും വിവിധ സംസ്ഥാനങ്ങളുടെ അവാര്‍ഡുകളും നേടിയിട്ടുള്ള വാണി ജയറാമിനോട് മലയാള ചലച്ചിത്ര സംഗീതാസ്വാദകര്‍ക്ക് സവിശേഷമായ താല്പര്യം തന്നെ എന്നുമുണ്ടായിരുന്നു. അത് മരണാനന്തരവും തുടരുക തന്നെ ചെയ്യും. ദുഃഖകരമായ ആ വേര്‍പാടിനുശേഷവും വാണി ജയറാം മധുരതരമായ അവരുടെ ഗാനങ്ങളിലൂടെ ആസ്വാദക മനസ്സുകളില്‍ ജീവിക്കും.
വാണി ജയറാം മലയാളിയല്ല എന്ന് ചിന്തിക്കാനുള്ള പഴുതുപോലും കൊടുക്കാത്ത മലയാളിത്തമുള്ള സ്വരത്തിലാണ് ശ്രുതിശുദ്ധിയോടെ അവര്‍ പാടിയത്. വാണി ജയറാമിന്റെ വിയോഗം ഇന്ത്യന്‍ സംഗീതലോകത്തിന്റെ നഷ്ടമാണ്. വാണി ജയറാമിന്റെ സ്മരണയ്ക്കു മുന്‍പില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുന്നെന്നും കുടുംബത്തെ എന്റെ അനുശോചനം അറിയിക്കുന്നെന്നും മുഖ്യമന്ത്രി പറഞ്ഞു.
Read more
ചെന്നൈയിലെ വസതിയില്‍ വെച്ചായിരുന്നു വാണി ജയറാമിന്‍റെ അന്ത്യം. തമിഴ്, തെലുഗു, കന്നട, മലയാളം, മറാത്തി, ഹിന്ദി എന്നീ ഭാഷകളിലായി നിരവധി ഗാനങ്ങള്‍ ആലപിച്ചിട്ടുണ്ട്. ഏറ്റവും നല്ല ഗായികക്കുള്ള ദേശീയ ചലച്ചിത്രപുരസ്‌കാരം മൂന്നു തവണ നേടിയിട്ടുണ്ട്. ഈ വര്‍ഷം ഗായികയെ രാജ്യം പത്മഭൂഷന്‍ നല്‍കി ആദരിച്ചിരുന്നു. ‘സ്വപ്നം’ എന്ന ചിത്രത്തിലൂടെ സലീൽ ചൗധരിയാണ് വാണിയെ മലയാളത്തിൽ കൊണ്ടുവരുന്നത്.