മുഖ്യമന്ത്രി പിണറായി വിജയൻ ചൂരൽമല സന്ദർശിച്ചു. വയനാട്ടിൽ ചേർന്ന അവലോകന യോഗത്തിനുശേഷമാണ് മുഖ്യമന്ത്രിയും മന്ത്രിമാരും മേപ്പാടി ചൂരൽമലയിലെത്തിയത്. ചൂരൽമലയിലെത്തിയ മുഖ്യമന്ത്രി പിണറായി വിജയൻ സൈന്യത്തിൻ്റെ നേതൃത്വത്തിൽ നിർമിക്കുന്ന ബെയിലി പാലം സന്ദർശിച്ചു. പാലത്തിൻ്റെ നിർമാണ പുരോഗതിയും സൈനിക ഉദ്യോഗസ്ഥരുമായി വിലയിരുത്തി. സുരക്ഷ കണക്കിലെടുത്ത് മുഖ്യമന്ത്രി ഉരുൾപൊട്ടൽ മേഖലയിലേക്ക് പോയില്ല.
മുഖ്യമന്ത്രിക്കൊപ്പം മന്ത്രിമാരായ മുഹമ്മദ് റിയാസ്, കെ.കൃഷ്ണൻകുട്ടി, എകെ ശശീന്ദ്രൻ, റോഷി അഗസ്റ്റിൻ, കെ രാജൻ എന്നിവരും ചൂരല്‍മലയിലെത്തി. പ്രദേശത്ത് മഴ പെയ്യുന്നതിനിടെയാണ് മുഖ്യമന്ത്രിയെത്തിയത്. സൈന്യം നിര്‍മിച്ച താല്‍ക്കാലിക നടപ്പാലമുണ്ടായിരുന്നെങ്കിലും മുഖ്യമന്ത്രി മറുകരയിലേക്ക് പോയില്ല. ബെയിലി പാല നിര്‍മാണം കണ്ടശേഷം ദുരന്തഭൂമിയില്‍ നിന്നും മുഖ്യമന്ത്രി മടങ്ങി. ക്യാമ്പുകളില്‍ കഴിയുന്ന ദുരിതബാധിതരെയും മുഖ്യമന്ത്രി സന്ദര്‍ശിക്കുന്നുണ്ട്.
അതേസമയം കനത്തമഴ നിലനിൽക്കുന്നതിനാൽ രക്ഷാപ്രവർത്തകരെ തിരിച്ചിറക്കി. പ്രതികൂല കാലാവസ്ഥയിലും ചൂരൽ മലയിലെ ബെയ്‌ലി പാലം നിർമ്മാണം അവസാന ഘട്ടത്തിലേക്ക് നീങ്ങുകയാണ്. ആർമിയുടെ നേതൃത്വത്തിൽ നിർമ്മാണം വേഗത്തിൽ പുരോഗമിക്കുകയാണ്.