കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ അമാന്തം അരുത്; വികസന സൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളമെന്ന് മുഖ്യമന്ത്രി പിണറായി

കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കാന്‍ ഒരു അമാന്തവും ഉണ്ടാവരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. കേരള നിയമസഭ മീഡിയ ആന്‍ഡ് പാര്‍ലമെന്റ് സ്റ്റഡീസും സംസ്ഥാന പരിസ്ഥിതി വകുപ്പും യൂണിസെഫും സംയുക്തമായി നിയമസഭ സാമാജികര്‍ക്കായി സംഘടിപ്പിച്ച ഇന്ററാക്ടീവ് സെഷന്‍ ശങ്കരനാരായണന്‍ തമ്പി ഹാളില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മുഖ്യമന്ത്രി.

എല്ലാ ജീവജാലങ്ങളുടെയും നിലനില്‍പ്പിനും ജനങ്ങളുടെ ഉപജീവനം സംരക്ഷിച്ചുകൊണ്ടുള്ള വികസനത്തിനും ഊന്നല്‍ നല്‍കിക്കൊണ്ട് കാലാവസ്ഥാ വ്യതിയാനം ഉയര്‍ത്തുന്ന വെല്ലുവിളികളെ നേരിടാന്‍ നമുക്ക് കഴിയണം. ഇതിന് ഫലപ്രദമായി നേതൃത്വം നല്‍കേണ്ടവരാണ് ജനപ്രതിനിധികളെന്ന് മുഖ്യമന്ത്രി പറഞ്ഞു. പ്രളയവും പ്രളയസമാനമായ വെള്ളപ്പൊക്കവും പ്രകൃതിക്ഷോഭങ്ങളും തുടര്‍ച്ചയായി സാധാരണ ജനജീവിതത്തെ ബാധിക്കുന്ന നാളുകളിലൂടെയാണ് നാം കടന്നുപോകുന്നത്. ഇവയൊന്നും ഒറ്റപ്പെട്ടതല്ല. കാലാവസ്ഥാവ്യാതിയാനത്തിന്റെ ആഘാതങ്ങളാണ്. വികസന സൂചികകളില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന സംസ്ഥാനമാണ് കേരളം. നാളിതുവരെ നാം കൈവരിച്ച നേട്ടങ്ങളില്‍ ഊന്നിനിന്നുകൊണ്ട് ഇനിയും നമുക്ക് മുന്നോട്ട് കുതിക്കേണ്ടതുണ്ട്. കാലാവസ്ഥാ വ്യതിയാനവും അതിന്റെ ഫലമായുണ്ടാകുന്ന പ്രകൃതിക്ഷോഭങ്ങളും ഏല്‍പ്പിക്കുന്ന ആഘാതങ്ങള്‍ നമുക്ക് വിലങ്ങ് തടിയാവുന്ന സാഹചര്യം ഉണ്ടാകരുത്. എത്രനേരത്തേ പൂര്‍ണതോതില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കാന്‍ കഴിയുന്നോ അത്രയും നല്ലതെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

പരിസ്ഥിതി വകുപ്പ് തയ്യാറാക്കിയ കാലാവസ്ഥാ വ്യതിയാന കര്‍മ്മപദ്ധതി അവതരിപ്പിക്കുക, കേരളം നേരിടുന്ന കാലാവസ്ഥാ സംബന്ധിയായ വെല്ലുവിളികളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ ഉയര്‍ത്തിക്കൊണ്ടുവരുക, കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ട സാമ്പത്തിക സ്രോതസ്സുകള്‍ കണ്ടെത്തുക, പ്രാദേശികമായ പദ്ധതികള്‍ രൂപീകരിച്ച് പ്രകൃതിസംരക്ഷണം നടത്തുക തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് സാമാജികര്‍ക്കായി യൂണിസെഫുമായി ചേര്‍ന്ന് ഈ പരിപാടി സംഘടിപ്പിച്ചിരിക്കുന്നതെന്നും ഫലപ്രദമായ ചര്‍ച്ചകള്‍ നടക്കുകയും ക്രിയാത്മ നിര്‍ദേശങ്ങള്‍ ഉയര്‍ന്നുവരുകയും വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്പീക്കര്‍ എ. എന്‍. ഷംസീര്‍ അധ്യക്ഷത വഹിച്ചു. പരിസ്ഥിതിപ്രശ്‌നങ്ങള്‍ സംബന്ധിച്ച 24 ചോദ്യങ്ങള്‍ ഈ മൂന്ന് വര്‍ഷത്തെ നിയമസഭ സമ്മേളനത്തില്‍ ഉയര്‍ന്നതായും കേരള നിയമസഭ കാലാവസ്ഥാവ്യതിയാനത്തെ വളരെ ഗൗരവമായാണ് കാണുന്നതെന്നും അദ്ദേഹം പറഞ്ഞു.