അറിവിന്റെ ആദ്യ പാഠങ്ങള്‍ പഠിക്കാന്‍ കുരുന്നുകള്‍ സ്‌കൂളുകളിലേക്ക്; സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം മണിക്കൂറുകള്‍ക്കുള്ളില്‍ ആരംഭിക്കും. എറണാകുളത്തെ എളമക്കര ഗവ. എച്ച്എസ്എസില്‍ മുഖ്യമന്ത്രി പിണറായി വിജയനാണ് സംസ്ഥാന സ്‌കൂള്‍ പ്രവേശനോത്സവം ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ ഒമ്പതിന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടിയുടെ നേതൃത്വത്തില്‍ നവാഗതരെ സ്വീകരിക്കും. 9.30ന് ഉദ്ഘാടനം. 2024-25 വര്‍ഷത്തെ അക്കാദമിക് കലണ്ടര്‍ മന്ത്രി പി രാജീവ് പ്രകാശിപ്പിക്കും. തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന പ്രവേശനോത്സവഗാനത്തിന്റെ ദൃശ്യാവിഷ്‌കാരം അരങ്ങേറും.

സമഗ്ര ഗുണമേന്മാ വിദ്യാഭ്യാസം, ശുചിത്വവിദ്യാലയം, ലഹരിമുക്ത കേരളം തുടങ്ങിയ ലക്ഷ്യങ്ങള്‍ സാക്ഷാല്‍ക്കരിക്കാന്‍ അധ്യാപകരും രക്ഷിതാക്കളും വിദ്യാര്‍ഥികളും പൊതുസമൂഹവും ഒരുമിച്ച് വിദ്യാഭ്യാസപ്രവര്‍ത്തനങ്ങള്‍ നടത്തുന്ന സന്ദര്‍ഭത്തിലാണ് ഇക്കൊല്ലത്തെ സ്‌കൂള്‍ പ്രവേശനോത്സവം. ഇക്കൊല്ലവും സ്‌കൂള്‍ തുറക്കുംമുമ്പേ പാഠപുസ്തകങ്ങളും യൂണിഫോമും കുട്ടികളുടെ കൈയിലെത്തി. അധ്യാപക ശാക്തീകരണത്തിന്റെ ഭാഗമായി അധ്യാപകര്‍ക്ക് നിര്‍മിതബുദ്ധി (എഐ) പരിശീലനമടക്കം നല്‍കി. സാമൂഹികപങ്കാളിത്തത്തോടെ സ്‌കൂളുകളിലെ വികസനപദ്ധതികളും ഏകോപിപ്പിക്കാനായി.